തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലുണ്ടായ തീപിടിത്തം കൊച്ചിയെ ശ്വാസംമുട്ടിച്ചതുപോലെ തലസ്ഥാന നഗരത്തിലും ഉണ്ട് ഒരു മാലിന്യ ബോംബ്! ഏതു നിമിഷവും തീ പടരാൻ പാകത്തിൽ സദാ പുകഞ്ഞുകൊണ്ടിരിക്കുന്ന അട്ടക്കുളങ്ങര എരുമക്കുഴിയിലെ മാലിന്യക്കൂന. തെങ്ങോളം പൊക്കത്തിലുള്ള ഈ മാലിന്യക്കൂമ്പാരത്തിൽ തീയിടുന്നത് നഗരസഭാ ജീവനക്കാർതന്നെ. നിരനിരയായി കടകമ്പോളങ്ങളുള്ള ചാലയും നിരവധി വാണിജ്യ സ്ഥാപനങ്ങളും വീടുകളുമൊക്കെയുള്ള ഇവിടെ വേനൽക്കാലത്ത് ഭീഷണിയുടെ നിഴലിലാണ്. ശക്തമായൊരു കാറ്റടിച്ചാൽ ഇവിടെ നിന്നുള്ള തീ സമീപത്തേക്ക് പടരാം. അത് വലിയൊരു ദുരന്തത്തിന് ഇടയാക്കും. എന്നിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് ആയിട്ടില്ല.
എന്നാൽ, നഗരസഭയെക്കാൾ അല്പമെങ്കിലും ജാഗ്രത ഫയർഫോഴ്സ് കാട്ടുകയും ചെയ്തു. ബ്രഹ്മപുരത്തെ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും റിപ്പോർട്ട് സമർപ്പിച്ചു. ആറ്റുകാൽ പൊങ്കാല ദിവസം ഇവിടത്തെ മാലിന്യൂക്കൂനയ്ക്ക് തീപിടിച്ചിരുന്നു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും നാട്ടുകാരും ചേർന്ന് അണച്ചതിനാൽ വൻ ദുരന്തത്തിൽ നിന്ന് നഗരം രക്ഷപ്പെട്ടു. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ളാന്റിന്റെ പ്രവർത്തനം നിലച്ചതോടെയാണ് എരുമക്കുഴിയിൽ മാലിന്യം കുന്നുകൂടിയത്.
പ്ളാസ്റ്റിക് ഉൾപ്പെടെ പുകഞ്ഞ്..
ചാല മാർക്കറ്റിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ടൺ കണക്കിന് മാലിന്യമാണ് മാസങ്ങളായി ഇവിടെ പുകഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നത്. തകരഷീറ്റ് കുത്തിമറച്ച ഇരുപത് സെന്റ് സ്ഥലത്ത് പലഭാഗങ്ങളിലായി പ്ലാസ്റ്റിക്ക് ഉൾപ്പെടെ നീറിപുകയുകയാണ്. ഏത് നിമിഷവും ഇത് ആളിക്കത്താം. കാക്കയും കൊക്കും പരുന്തും കൊത്തിവലിക്കുകയും തെരുവ്പട്ടികൾ കടിച്ചുകീറുകയും ചെയ്യുന്ന മാലിന്യക്കൂനയിൽ നിന്ന് തൊട്ടടുത്തുളള എയ്റോബിക് ബിൻ യൂണിറ്റുകളിലേക്കോ, നഗരസഭയുടെ പാർക്കിംഗ് യാർഡിലേക്കോ തീ പടരാൻ നിമിഷം മതി. വിളപ്പിൽശാല പ്ളാന്റ് പൂട്ടിയതോടെ എരുമക്കുഴിയിൽ കുന്നുകൂടിയ മാലിന്യം കുറേശെ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. എന്നാൽ, വീണ്ടുംവീണ്ടും തള്ളുന്നതിനാൽ മാലിന്യത്തിന് ഒരു കുറവും വന്നിട്ടില്ല.
പലതവണ വൻ തീപിടിത്തങ്ങൾക്കും കോടികളുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയിട്ടുള്ള ചാല ഈ മാലിന്യ ബോംബിന്റെ തൊട്ടടുത്താണ്. മാലിന്യക്കൂനയോട് ചേർന്ന് കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഫോർമറുമുണ്ട്. മതിലിനപ്പുറം ലക്ഷങ്ങളുടെ ആക്രിസാധനങ്ങൾ സംഭരിച്ചിരിക്കുന്ന ഗോഡൗണുകൾ. അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപാസിൽ ലോറികൾ ഉൾപ്പെടെ വാഹനങ്ങളുടെ പാർക്കിംഗുമുണ്ട്.
പക്ഷികൾ കൊത്തിവലിച്ച് പറക്കുന്ന മാലിന്യക്കവറുകൾ വൈദ്യുതി ലൈനുകളിൽ കുടുങ്ങി പലതവണ അപകട ഭീതിയ്ക്കും ഇടയാക്കിയിട്ടുണ്ട്.
എരുമക്കുഴി
മാലിന്യം കുമിഞ്ഞ് കൂടിയിട്ട് പത്തുവർഷം
നീറിപ്പുകയുന്നത് നൂറ് ലോഡിലേറെ മാലിന്യം
ചാലയിൽ നിന്ന് വിളപ്പിൽശാല പ്ളാന്റിൽ പോയിരുന്നത് ദിവസേന 25 ലോഡ്
എരുമക്കുഴിയിൽ 30 എയ്റോബിക് ബിന്നുകളിലായി മൂന്നുമാസം സംസ്കരിക്കുന്നത് 45 ടൺ മാലിന്യം