keezharnelli

പ്രാചീനകാലം മുതൽ കരൾരോഗങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് കീഴാർനെല്ലി. പാർശ്വഫലങ്ങളില്ലാത്തതും കരൾ സംരക്ഷണത്തിന് ഉത്തമവുമാണിത്. ഫൈലാന്തസ് നിറുറി എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന കീഴാർനെല്ലി ഫൈലാന്തേസിയേ സസ്യകുടുംബത്തിൽപ്പെട്ടതാണ്. ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നീ ഔഷധ ഘടകങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഉഷ്ണകാലത്ത് മഞ്ഞപ്പിത്തം വർദ്ധിക്കുന്നു. കരൾ തകരാറിലാകുമ്പോൾ കരൾ ഉത്‌പാദിപ്പിക്കുന്ന വർണവസ്തുവായ ബിലിറൂബിന്റെ അളവ് വർദ്ധിക്കുന്നു.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ഏറ്റവും കൂടുതൽ കൊഴുപ്പ്, ഇരുമ്പ്, വിറ്റാമിൻ എന്നിവ ശേഖരിക്കുന്നതും കരളാണ്. ബൈൽ എന്ന പേരിലുള്ള പിത്തരസം കൂടുതൽ ഉത്പാദിപ്പിക്കുന്നതിനും, കരളിൽ ഉത്‌പാദിപ്പിക്കുന്ന അമോണിയ പോലുള്ള വിഷവസ്തുക്കളെയും രക്തത്തിലെ മാലിന്യങ്ങളെയും നീക്കം ചെയ്യുന്നതിനും കീഴാർനെല്ലി അത്യുത്തമമാണ്. അമിത മദ്യപാനം, കോള, ചുവന്ന ഇറച്ചി തുടങ്ങിയവയും സ്വയം ചികിത്സയിലൂടെയുള്ള ഔഷധങ്ങളുടെ അമിത ഉപയോഗവും ഉണ്ടാകുന്ന അവസ്ഥയാണ് കരളിന്റെ വീർക്കൽ അഥവാ ലിവർ സിറോസിസ്. ഇതിന് കാരണമാകുന്ന വൈറസായ ഹെപ്പറ്റൈറ്റിസ് എ, ബി, സി എന്നിവ ബാധിക്കുമ്പോഴും കരൾ ശരിയായ വിധത്തിൽ പ്രവർത്തിക്കില്ല. രോഗാണുബാധ ഉണ്ടാകുന്നതിനെ ചെറുക്കുന്നതിനും, ഏറ്റവും കൂടുതൽ താപം ഉത്‌പാദിപ്പിക്കുന്നത് കരളാകയാൽ ശരീരത്തെ തണുപ്പിക്കുന്നതിനും കരളിന്റെ പുനർജീവനത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും, കീഴാർനെല്ലി ഉപയോഗം പ്രധാനമാണ്. കരൾ രോഗങ്ങൾ വരാതിരിക്കാൻ എപ്പോഴും ശുചിത്വമുള്ള ആഹാരവും ശുദ്ധമായ ജലവും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കീഴാർനെല്ലി സമൂലം അരച്ചെടുത്ത് ഇളനിരിനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധശേഷിക്കും കരൾ സംരക്ഷണത്തിനും ഉത്തമമാണ്. ഒരു വിദഗ്ദ്ധനായ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ചെയ്യുക. സ്വയം ചികിത്സ അപകടമാണ്.