തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത ആർ.എൽ കേരള കൗമുദി ഫ്ളാഷിനോട് പറഞ്ഞു. ജനറൽ ആശുപത്രിയിൽ കുടിവെള്ളമില്ലാതെ രോഗികളും ജീവനക്കാരും കഷ്ടപ്പെടുന്നത് സംബന്ധിച്ച് 'ഒരിറ്റുവെള്ളം തരൂ' എന്ന തലക്കെട്ടിൽ കേരള കൗമുദി ഫ്ളാഷ് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. ജനറൽ ആശുപത്രിയിലെ കുടിവെള്ള പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് പരിഹാരം കാണേണ്ട പ്രശ്നമാണ് അതെന്നും ഡയറക്ടർ പറഞ്ഞു. വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാകുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഡയറക്ടർ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് രോഗികളാണ് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കാതി എത്തുന്നത്. കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായി 2014ൽ ജനറൽ ആശുപത്രിയിൽ നിന്ന് 1.35 ലക്ഷം രൂപ വാട്ടർ അതോറിട്ടിയിൽ അടച്ചിരുന്നു. എന്നാൽ റോഡ് മുറിച്ച് പൈപ്പ് കണക്ഷൻ നൽകുന്നതിന് റോഡ് സുരക്ഷാ അതോറിട്ടി അനുമതി നൽകാത്തതാണ് കുടിവെള്ള കണക്ഷന് തടസമായിരിക്കുന്നത്. ഇത് കാരണം വാട്ടർ അതോറിട്ടിയിൽ നിന്ന് ടാങ്കറിൽ വെള്ളം എത്തിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം നടത്തുന്നത്. വേനൽ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം കൂടിയതിനാൽ യഥാസമയം ടാങ്കറുകളിൽ വെള്ളമെത്താത്തതാണ് ഇപ്പോഴത്തെ പ്രശ്നം.