തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ യുവതലമുറയുടെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച്, "ജനാധിപത്യത്തിന്റെ ഉത്സവം' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ വിദ്യാർത്ഥി പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന് ശക്തി പകരുന്നത് അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പിനുള്ള സ്വാതന്ത്ര്യവുമാണ്. വിയോജിപ്പുകളോട് അസഹിഷ്ണുത പുലർത്താനുള്ള നീക്കം വ്യാപകമാകുന്നത് ആശങ്കാജനകമാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുകയും, വ്യത്യസ്ത ആശയങ്ങൾ ചർച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും വൈവിധ്യം നിലനിറുത്തി ദേശീയബോധം വളർത്താനാണ് ശ്രമിക്കേണ്ടത്. അതിനു പകരം എല്ലാവരെയും തങ്ങൾക്കു സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോൾ നഷ്ടമാകുന്നത് ജനാധിപത്യമൂല്യമാണ്. ഈ പ്രവണതയ്ക്കെതിരെയാണ് യുവതലമുറ ജാഗ്രത പുലർത്തേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളുടെ കൈയിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ യുവത്വമാണ് നാനാത്വങ്ങൾക്കിടയിൽ ഏകത്വം സൃഷ്ടിക്കുന്ന ഊർജ്ജം. ഇതിനെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ് സ്റ്റുഡന്റ്‌സ് പാർലമെന്റ് എന്നും അദ്ദേഹം തുടർന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ സ്പീക്കർ വി.എം. സുധീരൻ, ഡോ. ശശി തരൂർ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി, സ്വാമി അഗ്‌നിവേശ്, എന്നിവരും സംസാരിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ച് ഒഫ് ഡെമോക്രസി ഘോഷയാത്ര രാവിലെ നിയമസഭാ അങ്കണത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. സൂര്യ കൃഷ്ണമൂർത്തി ഒരുക്കിയ 'സിംഫണി ഫോർ ഹാർമണി' ദേശീയ നൃത്ത സംഗീത പരിപാടി നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറി.