
നിർമ്മാണത്തിലിരിക്കുന്നതും ഇനി നിർമ്മിക്കാൻ പോകുന്നതുമായ വീടുകൾക്കും ഫ്ളാറ്റുകൾക്കുമുള്ള ചരക്കുസേവന നികുതിയിൽ ഗണ്യമായ കുറവു വരുത്താനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനം പാർപ്പിട നിർമ്മാണമേഖല സഹർഷം സ്വാഗതം ചെയ്യും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നിനച്ചിരിക്കാതെ ലഭിച്ച ഈ ആനുകൂല്യം സ്വന്തമായി ഒരു പാർപ്പിടമുണ്ടാക്കാനായി അലയുന്ന ലക്ഷക്കണക്കിനാളുകൾക്ക് ഗുണകരമാകും. 45 ലക്ഷം രൂപ വരെ ചെലവു വരുന്ന വീടുകളുടെ ജി.എസ്.ടി എട്ടുശതമാനത്തിൽ നിന്ന് ഒരു ശതമാനമായാണ് കുറയുന്നത്. മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള പാർപ്പിടങ്ങൾക്കാവും ഇളവ്. മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും 90 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് ഇളവ് ലഭിക്കും. നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്കും ഫ്ളാറ്റുകൾക്കും പന്ത്രണ്ട് ശതമാനം നികുതി ബാധകമായിരുന്നത് ഏപ്രിൽ ഒന്നു മുതൽ അഞ്ച് ശതമാനമായി കുറയും. ഈ പരിധിക്കുള്ളിൽ വരുന്ന വീടുകളും ഫ്ളാറ്റുകളും വാങ്ങുന്നവർക്ക് നികുതിയിനത്തിൽ വൻ നേട്ടമാണുണ്ടാവുക.
45 ലക്ഷം രൂപ വരെയുള്ള വീടുകളുടെ നികുതി എട്ടിൽ നിന്ന് ഒരു ശതമാനമായി കുറയുമ്പോൾ ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. ബിൽഡർമാർ പാർപ്പിട നിർമ്മാണത്തിനായി വാങ്ങുന്ന സിമന്റ്, കമ്പി എന്നിവയ്ക്ക് നൽകുന്ന നികുതി കുറച്ചശേഷമുള്ള നിർമ്മാണച്ചെലവാണ് ജി.എസ്.ടിക്ക് അടിസ്ഥാനമാക്കിയിരുന്നത്. എന്നാൽ ഈ ആനുകൂല്യം വീടോ ഫ്ളാറ്റോ വാങ്ങുന്ന പലർക്കും ലഭ്യമാകാറില്ല എന്നതാണ് യാഥാർത്ഥ്യം. ഏപ്രിൽ ഒന്നു മുതൽ കുറഞ്ഞ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്താക്കളെ കബളിപ്പിക്കാനാകില്ല.
ഇന്ത്യൻ ജനാധിപത്യത്തിൽ പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള ഏതാനും നാളുകളാണ് ജനങ്ങൾ ഓർമ്മിക്കപ്പെടുന്നത്. ഈ കാലയളവിലാണ് ഭരണകൂടങ്ങളുടെ കൃപാകടാക്ഷം അവരിൽ കൂടുതലായി പതിയാറുള്ളത്. നിർമ്മാണ മേഖലയിലെ ജി.എസ്.ടി പരിഷ്കാരം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ ആസന്നമായ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതു തന്നെയാണെങ്കിലും വിവിധ ജനവിഭാഗങ്ങൾക്ക് അതിലൂടെ ഉണ്ടാകുന്ന നേട്ടം ചെറുതല്ല. ചെലവു കുറഞ്ഞ വീടുകളുടെ ഗണത്തിൽ 90 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയും 45 ലക്ഷം രൂപ ചെലവും വരുന്നവയെ ഉൾപ്പെടുത്തിയത് ഇടത്തരക്കാർക്കും വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്കും നൽകുന്ന നികുതി ആശ്വാസം ചെറുതല്ല.
നിർമ്മാണ വസ്തുക്കളുടെ വില വാനോളം ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വന്തമായി ഒരു കൂര നിർമ്മിക്കാനുള്ള സാധാരണക്കാരന്റെ ആഗ്രഹത്തിന് പ്രതിബന്ധങ്ങൾ അനവധിയാണ്. നഗര പ്രദേശങ്ങളിൽ ഭൂമി വില ദുർവഹമാം വിധം വർദ്ധിച്ചതു കാരണം മദ്ധ്യവർഗത്തിൽപ്പെട്ടവർക്കു പോലും മാറിനില്ക്കേണ്ട അവസ്ഥയാണ്. കേരളത്തിലും ഫ്ളാറ്റ് സമുച്ചയങ്ങളോട് ആഭിമുഖ്യം വളരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന ഭൂമി വിലയാണ്. പുതുതായി വീടോ ഫ്ളാറ്റോ വാങ്ങുന്നവർ ഉയർന്ന നിരക്കിലുള്ള ജി.എസ്.ടിക്ക് പുറമെ എട്ട് ശതമാനം വരുന്ന തുക പ്രമാണച്ചെലവായും കണ്ടെത്തേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജി.എസ്.ടി നിരക്കിലെ മാറ്റം ഈ ഇനത്തിലുള്ള ചെലവ് കുറയാൻ സഹായകമാകും. നികുതി ഇളവ് നിർമ്മാണ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുമെങ്കിലും നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം കൂടി നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ലെങ്കിൽ നികുതി ഇളവിലൂടെ ലഭിക്കുന്ന ആനുകൂല്യം മറ്റു വിധത്തിൽ പുറത്തേക്കൊഴുകും. ഇക്കാര്യത്തിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന തോതിലുള്ള നിർമ്മാണച്ചെലവ്. സിമന്റിനും ഉരുക്കിനും കല്ലിനും മണലിനുമൊക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വില കൂടുതലാണ്. സിമന്റിന്റെ കാര്യത്തിൽ ഒറ്റ മാസം കൊണ്ട് നൂറു രൂപയോളമാണ് വില കൂടിയത്.
ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇലക്ഷൻ പ്രഖ്യാപനത്തിനു മുമ്പ് പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർക്ക് 6000 രൂപ നൽകുന്ന കിസാൻ സമ്മാൻ നിധിയിൽ നിന്ന് ആദ്യ ഗഡുവായി 2000 രൂപ ഒരു കോടിയിൽപ്പരം പേർക്ക് നൽകിക്കഴിഞ്ഞു. മാർച്ച് 31-നകം അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ പേർക്കും ആദ്യ ഗഡു വാങ്ങാൻ അർഹതയുണ്ടാകുമെന്നാണ് അറിയിപ്പ്. കേരളത്തിലും ലക്ഷക്കണക്കിനു കർഷകർ ഇതിനകം അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. ആറായിരം രൂപ നൽകി കർഷകരെ പരിഹസിക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നുണ്ടെങ്കിലും ജനങ്ങൾ ഈ പദ്ധതിയെ കാണുന്നത് അങ്ങനെയല്ല. അപേക്ഷ നൽകാനെത്തുന്നവരുടെ ബാഹുല്യം തന്നെ അതിനു തെളിവാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളെ വശത്താക്കാനുള്ള സൂത്രവിദ്യകൾ പ്രയോഗിക്കുന്നതിൽ അധികാരത്തിലിരിക്കുന്ന ഒരു സർക്കാരും പിന്നിലല്ല.