1

പൂവാർ: വെറുമൊരു കാൽപ്പന്തുകളിയിലൂടെ കേരളത്തിന്റെ 'സന്തോഷ് ട്രോഫി ഗ്രാമം" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു തുടങ്ങിയ നാടാണ് പൊഴിയൂർ. പൊഴിയൂരിന്റെ ആ സ്വപ്ന നേട്ടത്തിന് മുഖ്യ പങ്ക് വഹിച്ച പരുത്തിയൂർ സ്റ്റേഡിയം ഇന്ന് അവഗണനയുടെ വക്കിലാണ്. ഇപ്പോൾ സ്റ്റേഡിയം നിലകൊള്ളുന്ന സ്ഥലം പരുത്തിയൂർ പള്ളിയുടെ കീഴിലായിരുന്നു. എന്നാൽ കായിക മേഖലയുടെ വളർച്ചയ്ക്കായി ഇടവക സ്റ്റേഡിയത്തെ കുളത്തൂർ ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നു. അതിനു ശേഷം പല സാഹചര്യങ്ങളിലായി ഫണ്ടിന്റെ ലഭ്യത അനുസരിച്ച് നാമമാത്രമായ വികസനങ്ങൾ നടത്താനേ പഞ്ചായത്തിന് കഴിഞ്ഞിട്ടുള്ളു. ഈ വ‌ർഷം അവസാനം നടക്കുന്ന 11-ാമത് ഇന്റർനാഷണൽ ഫുട്ബാൾ ടൂർണമെന്റിൽ കൂടുതൽ സൗകര്യങ്ങളോടെ പരുത്തിയൂരിന്റെ സ്വന്തം സ്റ്റേഡിയത്തിൽ അടുത്ത മാച്ചിനായി കാത്തിരിക്കുകയാണ് പൊഴിയൂർ നിവാസികൾ.

1950കളിൽ ഒരു കൂട്ടം ചെറുപ്പക്കാർ കടൽക്കരയിൽ ഒത്തുകൂടിയാണ് ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുടങ്ങിയത്. അവർക്കൊപ്പം താങ്ങും തണലുമായി നിന്നത് പരുത്തിയൂർ ഇടവക മാത്രമായിരുന്നു. ജന്മം കൊണ്ട് 39 വർഷത്തിനു ശേഷമാണ് ഉദയ ക്ലബ് രജിസ്ട്രേഷൻ നേടിയത്. അങ്ങനെ ഉദയ ടീം നാട്ടിൽ സജീവമായി. ഈ കാലയളവിൽ തന്നെ കൊല്ലംകോട് എസ്.എം.ആർ.സി (സെന്റ് മാത്യൂസ് റീ ക്രിയേഷൻ ക്ലബ്)യും ടീം രൂപീകരിച്ച് രംഗത്തെത്തി. അങ്ങനെ വാശിയേറിയ മത്സരങ്ങളിലൂടെ ഇന്ന് കേരള ടീമിന്റെ ക്യാപ്ടനായ സീസൻ സെൽവൻ പൊഴിയൂരിന്റെ അഭിമാനമായി. ലിജോ സിൽവക്കുരിശും, സ്റ്റെഫിൻദാസുമടക്കം മൂന്ന് താരങ്ങളാണ് കേരള ടീമിൽ കളിക്കുന്നത്. 2012 മുതൽ കേരള ടീമിൽ പൊഴിയൂരിന്റെ സാന്നിദ്ധ്യമുണ്ട്. കൂടാതെ മറ്റ് പല സംസ്ഥാനങ്ങൾക്കു വേണ്ടിയും, ഇന്ത്യൻ റെയിൽവേസിനും, എസ്.ബി.ടിക്കും വേണ്ടി കളിക്കാനും പൊഴിയൂരുകാർ രംഗത്തുണ്ട്.