തിരുവനന്തപുരം : വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു. സർക്കാരിന്റെ രണ്ടര വർഷത്തെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളക്കരത്തിൽ വാട്ടർ അതോറിട്ടിക്ക് 200 കോടി കിട്ടാനുണ്ട്. സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളുമാണ് പണം തരാനുള്ളത്. 2018 സെപ്തംബർ വരെ വൈദ്യുതി കുടിശികയിനത്തിൽ 1320 കോടി കെ.എസ്.ഇ.ബിക്ക് നൽകാനുണ്ട്. ഇത് നാല് ഗഡുക്കളായി നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ചാർജ് കുറയ്‌ക്കാൻ സോളാർ പ്ളാന്റുകൾ സ്ഥാപിക്കും. ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ട്. കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചു. രണ്ട് വർഷത്തിനുള്ളിൽ നാല് ലക്ഷം പുതിയ കണക്‌ഷനുകൾ നൽകും. ജല ഉപഭോഗം കാര്യക്ഷമമാക്കാനും കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും കമ്മ്യൂണിറ്റി ഇറിഗേഷൻ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.