തിരുവനന്തപുരം: കാശ്മീർ ഇന്ത്യയുടെ അവയവമെന്നും കാശ്മീരികൾ അതല്ലെന്നും പറയുന്നവർ രാജ്യത്തിന്റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കാശ്മീരിലെ സഹോദരീ സഹോദരന്മാർ രാജ്യത്തിന്റെ ശത്രുക്കളല്ല. കാശ്മീരികളെ തള്ളിപ്പറയുന്നവരുടെ കൈകളിൽ അധികാരമിരിക്കുന്നിടത്തോളം ജനാധിപത്യവും മതേതരത്വവും തുല്യതയും പരിരക്ഷിക്കപ്പെടില്ലെന്നും നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് നടന്ന ദേശീയ വിദ്യാർത്ഥി പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
കാശ്മീർ ഇന്ത്യയുടെ മുറിച്ചുമാറ്റാനാവാത്ത അവയവമാണെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി ആണ്. അതേ തത്വചിന്ത പിന്തുടരുന്ന ഇപ്പോഴത്തെ ഭരണാധികാരികൾ പറയുന്നത് കാശ്മീർ ഇന്ത്യയുടെ അവയവം തന്നെ, പക്ഷേ കാശ്മീരികൾ അല്ല എന്നാണ്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം എല്ലാ പ്രതിപക്ഷ കക്ഷികളും പ്രധാനമന്ത്രിക്കൊപ്പം നിന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി. എന്നാൽ ഇതിനോടുള്ള ബി.ജെ.പി അദ്ധ്യക്ഷന്റെ പ്രതികരണം, പാകിസ്ഥാനോട് ശക്തമായി പ്രതികരിക്കാൻ ഇവിടെയുള്ളത് മോദി സർക്കാരാണ്, കോൺഗ്രസ് സർക്കാരല്ല എന്നായിരുന്നു. പ്രതിപക്ഷം ഒപ്പമുണ്ടെന്ന് പറയുമ്പോൾ മുഖ്യ ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ പറയുന്നത് മറ്റുള്ളവർക്ക് ചെയ്യാനാവാത്തത് മോദി സർക്കാരിന് കഴിയുമെന്നാണ്. എങ്കിൽ ഇതേ മോദി ഭരണത്തിൻ കീഴിൽ പത്താൻകോട്ടും ഉറിയും പുൽവാമയും സംഭവിച്ചതെന്തുകൊണ്ടെന്ന് പറയണം. ഈ പോരാട്ടം നമ്മളും കാശ്മീരികളും തമ്മിലോ നമ്മളും മുസ്ലിങ്ങളും തമ്മിലോ അല്ല. നമ്മളും ദേശവിരുദ്ധ ഭീകരവാദികളും തമ്മിലാണ്.
ഉത്തരേന്ത്യയിലെ ഭീതിദമായ അനുഭവങ്ങളറിഞ്ഞ് കേരളത്തിലെത്തുന്നവർക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാകും. ഫാസിസം ശക്തി പ്രാപിക്കുമ്പോൾ ജനാധിപത്യം പ്രതിരോധത്തിലാവും. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യത ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. ഈ തുല്യത ജാതി, മത, ലിംഗ ഭേദമില്ലാത്തതാണ്. ഇന്ത്യൻ ഭരണഘടനയുടെ ഈ അടിസ്ഥാനമൂല്യങ്ങളെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ആവശ്യം. വർത്തമാനത്തെ യുവാക്കൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചാവും അവരുടെ ഭാവി നിശ്ചയിക്കപ്പെടുകയെന്നും യെച്ചൂരി പറഞ്ഞു.
കൊലപാതക രാഷ്ട്രീയം ജനാധിപത്യത്തിന്റെ യഥാർത്ഥ ഭീഷണിയാണെന്ന് വി.എം. സുധീരൻ പറഞ്ഞു. ആയുധങ്ങൾ ഉപയോഗിക്കുകയെന്ന പ്രത്യയശാസ്ത്രം ഒരിക്കലും ജനാധിപത്യത്തിന്റേതല്ല. ജനാധിപത്യം ഭീഷണി നേരിടുമ്പോൾ അതിന്റെ സൂക്ഷ്മമായ പുനഃപരിശോധന അനിവാര്യമാണ്.