തിരുവനന്തപുരം: സർവേഫലങ്ങൾ തങ്ങൾക്കനുകൂലമാണെന്ന ആത്മവിശ്വാസത്തിൽ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം. കൂടുതൽ സീറ്രിന് രണ്ട് പ്രമുഖ ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോൺഗ്രസും ആവശ്യമുന്നയിക്കുകയും കേരള കോൺഗ്രസിൽ സീറ്രിനായി മാണിയും ജോസഫും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും ചെയ്യുന്നതിനിടയിലാണ് ഉഭയകക്ഷി ചർച്ച കൊച്ചിയിൽ നടക്കുന്നത്.
ആദ്യം ആർ.എസ്. പിയുമായിട്ടാണ് ചർച്ച. ആർ.എസ്. പിക്ക് കൊല്ലം സീറ്ര് കൊടുക്കാമെന്നും അവിടെ എൻ.കെ.പ്രേമചന്ദ്രനാണ് മത്സരിക്കുകയെന്നും തീരുമാനമായ സ്ഥിതിക്ക് ഈചർച്ച വെറും ഔപചാരികത മാത്രമാവും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരാണ് കോൺഗ്രസിന് നിന്ന് ചർച്ചയിൽ പങ്കെടുക്കുക. പ്രചാരണ ജാഥയിലായതുകാരണം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കില്ല. മുസ്ലീം ലീഗിനെ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരാണ് പ്രതിനിധീകരിക്കുക.
മുസ്ലീം ലീഗ് മൂന്ന് സീറ്രാണ് ആവശ്യപ്പെട്ടതെങ്കിലും ഇപ്പോഴുള്ള രണ്ടിലൊതുങ്ങുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അതേസമയം മൂന്നാം സീറ്ര് ശക്തമായി ആവശ്യപ്പെടണമെന്ന് ലീഗിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ദേശീയ തലത്തിൽ ബി.ജെ.പി യെ തോല്പിക്കണമെന്ന രാഷ്ട്രീയ യാഥാർത്ഥ്യം കോൺഗ്രസിനേക്കാൾ ലീഗിന് ബോദ്ധ്യമാണന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
കേരള കോൺഗ്രസുമായാണ് പിന്നീടുള്ള ചർച്ച. അത് മിക്കവാറും ഉച്ചയ്ക്ക് ശേഷമായിരിക്കും നടക്കുക. കേരള കോൺഗ്രസിൽ നിന്ന് ചെയർമാൻ കെ.എം.മാണിയും വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫും ജോസ് കെ.മാണിയും പങ്കെടുക്കും. കോട്ടയം സീറ്രിന് പുറമേ ഒരു സീറ്രുകൂടി വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഒന്നിൽ കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസ് തയാറാകില്ല. അതേസമയം, രണ്ടാം സീറ്ര് കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് സീറ്ര് വേണമെന്നാണ് പി.ജെ.ജോസഫിന്റെ ആവശ്യം.
കഴിഞ്ഞ തവണ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ജോസ്.കെ.മാണിക്ക് രാജ്യസഭാ സീറ്ര് നൽകിയതിനാൽ ഇത്തവണ സീറ്ര് തങ്ങൾക്ക് വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. മത്സരിക്കാൻ ജോസഫ് തയാറുമാണത്രേ. എന്നാൽ ഇതൊക്കെ കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണെന്നാണ് കോൺഗ്രസ് പറയുന്നത്. ജോസഫിനും മാണിക്കും സ്വീകാര്യനായ ആളെ മത്സരിപ്പിക്കണമെന്ന ഫോർമുല ഇരുവരുമായി മദ്ധ്യസ്ഥ ചർച്ച നടത്തിയ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മുന്നോട്ട് വച്ചെങ്കിലും തീരുമാനമായിട്ടില്ല. ജോസഫും മാണിയും എന്തുനിലപാടെടുക്കുമെന്നതിനെ ആശ്രയിച്ചാകും യു.ഡി.എഫിന്റെ ചർച്ച പുരോഗമിക്കുക. ജോസഫായിരിക്കും ഇന്നത്തെ ചർച്ചയിലെ ശ്രദ്ധകേന്ദ്രം.