തിരുവനന്തപുരം: ബാറുകളിൽ മദ്യം വിളമ്പാൻ ആവശ്യാനുസരണം കൗണ്ടർ തുറക്കാൻ നികുതി വകുപ്പിന്റെ അനുമതി. 'സർവീസ് ഡെസ്ക് ' എന്ന പേരിൽ തുടങ്ങുന്ന ഓരോ കൗണ്ടറിനും ഒരു വർഷത്തേക്ക് 25,000 രൂപ വീതം ഫീസ് അടയ്ക്കണം. ഈ മാസം 13നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഉത്തരവിറക്കിയത്.
തിരക്കു കൂടുതലുള്ള ചില ബാറുകളിൽ അനധികൃതമായി അധിക കൗണ്ടറുകൾ നേരത്തേ തുറന്നിരുന്നു. ഇതിന്റെ പേരിൽ പല ലൈസൻസികൾക്കുമെതിരെ എക്സൈസ് കേസെടുക്കുകയും ചെയ്തു. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നത് കരാറുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. അധിക കൗണ്ടറുകൾ നിയമാനുസൃതമാക്കുന്നതോടെ സർക്കാരിന് അധിക വരുമാനവും കിട്ടും. പ്രിമിയം ബ്രാൻഡുകൾക്കായി പ്രത്യേക കൗണ്ടർ വരുമ്പോൾ തിക്കും തിരക്കും ഒഴിവാകുന്നത് ഉപഭോക്താക്കൾക്ക് സഹായമാവും.
അബ്കാരി നിയമപ്രകാരം ഒരു ബാർ ഹാളിൽ ഒരു കൗണ്ടർ പ്രവർത്തിക്കാനേ അനുമതിയുള്ളു. എന്നാൽ ഇതേ ഹാളിൽ പരിമിതമായ അളവിൽ മദ്യം സൂക്ഷിക്കാൻ ഒരു സർവീസ് ഡെസ്ക് കൂടി തുടങ്ങാൻ പിന്നീട് അനുമതിയായി. ഇതിന് 25,000 രൂപ ഫീസും നിശ്ചയിച്ചു. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതിൽ ചെറിയ ഭേദഗതി വരുത്തി. ബാർ ഹാളിന് പുറമെ റസ്റ്റോറന്റുകളിലും ലോണുകളിലും റൂഫ്ടോപ്പിലും മദ്യം സൂക്ഷിക്കാനും വിളമ്പാനും ഫീസില്ലാതെ തന്നെ സർവീസ് ഡെസ്കുകൾക്ക് അനുമതി നൽകി. ഈ സൗകര്യമാണ് ഇപ്പോൾ ഫീസ് ഈടാക്കി നിയമാനുസൃതമാക്കിയത്.
കള്ള് ഷാപ്പുകൾക്ക് അവഗണന
ബാറുകൾക്ക് അനുഗുണമായ തീരുമാനങ്ങൾ വരുമ്പോഴും പരമ്പരാഗത വ്യവസായമായ കള്ളുഷാപ്പുകളോട് സർക്കാരിന്റെ അവഗണന തുടരുന്നു. ആരാധനാലയം, വിദ്യാലയം എന്നിവയ്ക്ക് സമീപം ഫോർ സ്റ്റാറിനും അതിന് മുകളിലും ബാർ ഹോട്ടലുകൾ നടത്താനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു കൊടുത്തു. ത്രീ സ്റ്രാർ ഹോട്ടലുകൾക്ക് ഇത് 200 മീറ്ററാണ്. എന്നാൽ കള്ള് ഷാപ്പുകളുടെ ദൂരപരിധി ഇപ്പോഴും 400 മീറ്റർ തന്നെ. കള്ള് വ്യവസായം സംരക്ഷിക്കാൻ ടോഡി ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കള്ളുഷാപ്പുകൾ വില്പന നടത്തുന്നതിന് പകരം നിലവിലെ ലൈസൻസുകൾ പുതുക്കി നൽകിക്കൊണ്ടിരിക്കുന്നു.