വിതുര: വേനൽ കടുത്തതോടെ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വറ്റിവരണ്ടു. ഇതോടെ കാട്ടിലെ മന്യമൃഗങ്ങൾ കൂട്ടത്തോടെയും തനിച്ചുമായി നാട്ടിലോക്കിറങ്ങി ഭീതി പരത്തുകയാണ്. രണ്ടാഴ്ചയിൽ കൂടുതലായി വിതുര, തൊളിക്കോട്പഞ്ചയാത്തുകളിലെ ജനങ്ങൾ ആനപ്പേടിയിലാണ് കഴിയുന്നത്. ചൂടുമൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങുകയും ചെറു അരുവികളും നീർച്ചാലുകൾ വറ്റിവരളുകയുെ ചെയ്തു. കാട്ടിനുള്ളിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങി. പേപ്പറ ഡാമിലും വൃഷ്ടിപ്രദേശത്തും പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികളും ഇപ്പോൾ ഭീതിയിലാണ് ജോലിചെയ്യുന്നത്. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആനകൾക്ക് പുറമേ കാട്ടുപോത്തും പന്നിയും ഇൗ മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്. കാട്ടു പന്നികൾ പട്ടാപകൽ നാട്ടിലിറങ്ങി രണ്ട് പേരേ കുത്തി ഗുരുതരമായി പരുക്കേല്പിച്ച സംഭവവും ഉണ്ട്. വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനകൾ നാശം വിതക്കാത്ത ദിനങ്ങൾ വിരളമാണ്. പകൽസമയത്തുപോലും പൊൻമുടി-കല്ലാർ റോഡിൽവരെ കാട്ടാനകളുടെ താണ്ഡവമാണ്. തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കർഷകർക്ക് ഭീമമായ നഷ്ടമുണ്ട്. പല ദിവസങ്ങളിലും കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ആനകൾ നിലയുറപ്പിക്കും. സർവീസ് മുടങ്ങി മുന്നോട്ടുപോകാൻ കഴിയാതെ മണിക്കൂറുകളോളം കാത്തുകിടക്കണം. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘങ്ങളെയും കാട്ടാനക്കൂട്ടം ആക്രമിച്ചിട്ടുണ്ട്. നേരത്തേ കല്ലാർ മേഖലയിൽ രണ്ട് പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വിതുര പഞ്ചായത്തിലെ ആദിവാസി ഉൗരുകൾ ആന ശല്യം മൂലം ബുദ്ധിമുട്ടനുഭവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കാട്ടാനകൾ അനവധി പേരേ കൊന്നൊടുക്കി. നിരവധി വീടുകൾ തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വിതച്ചു. ആനശല്യം വർദ്ധിച്ചതോടെ ഉപജീവനത്തിനായി കൃഷി ഇറക്കുവാൻ കഴിയാത്ത അവസ്ഥയായി. വിതുര പഞ്ചായത്തിലെ കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, മംഗലകരിക്കകം, ചാത്തൻകോട്, ചെമ്മാംകാല, ചണ്ണനിരവട്ടം,ചാമക്കര,പൊടിയക്കാല,ചെമ്പിക്കുന്ന്,അല്ലത്താര,പെണ്ണങ്കപ്പാറ,പേപ്പാറ മേഖലകളിൽ ആനശല്യം രൂക്ഷമായതായി ആദിവാസികൾ അറിയിച്ചു.
കാട്ടാനശല്യം തടയുവാൻ വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന വനംവകുപ്പ് അധികാരികളുടെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. ആനശല്യം തടയണമെന്ന ആദിവാസികളുടെ ആവശ്യം വനരോദനമായി അവശേഷിക്കുകയാണ്. നിരവധി തവണ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നിട്ടും സുഖനിദ്രയയിലാണ് അധികൃതർ പ്രഖ്യാപിച്ച ആനക്കിടങ്ങും വൈദ്യതവേലികളും.