തിരുവനന്തപുരം: പ്രവർത്തന നഷ്‌ടവും സർക്കാർ വരുത്തിയ കുടിശികയും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സപ്ളൈകോയ്‌ക്ക് അടിയന്തരമായി 25 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് തീരുമാനം. കേന്ദ്ര സർക്കാരും 25 കോടി നൽകും. കുടിശികത്തുക അനുവദിക്കാതെ സപ്ളൈകോയെ ബാങ്ക് വായ്‌പയുടെ ബാദ്ധ്യതയിലേക്കു തള്ളിവിടാൻ സർക്കാർ കളമൊരുക്കുന്നത് ചൂണ്ടിക്കാട്ടി 24 ന് കേരള കൗമുദി മുഖ്യവാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് റേഷൻകടകളിൽ ധാന്യം വിതരണം ചെയ്ത വകയിൽ നൽകാനുള്ള 66.72 കോടി രൂപയിൽ 25 കോടിയാണ് ഉടൻ അനുവദിക്കുക. ബാക്കി തുകയും സബ്സിഡി കുടിശിക ഇനത്തിലെ 112 കോടി രൂപയും വൈകാതെ അനുവദിക്കാനും ധാരണയായി.
കഴിഞ്ഞ വർഷം മാത്രം 419 കോടി രൂപയാണ് സർക്കാർ സപ്ളൈകോയ്‌ക്ക് നൽകാനുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ 135 കോടിയുടെ നഷ്‌ടം കൂടിയായതോടെ പിടിച്ചുനിൽക്കാനാവാത്തത്ര ഞെരുക്കത്തിൽ ശ്വാസംമുട്ടുകയായിരുന്നു സപ്ളൈകോ. സംസ്ഥാന സർക്കാരിൽ നിന്ന് കോർപ്പറേഷന് ഇതുവരെ കിട്ടാനുള്ളത് 1982 കോടിയാണ്. കുടിശികയിൽ ഒരു ഭാഗമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നു കാണിച്ച് സപ്ളൈകോ മാനേജിംഗ് ഡയറക്‌ടർ എം.എസ്. ജയ ഭക്ഷ്യവകുപ്പിന് കത്തെഴുതിയെങ്കിലും, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ആവശ്യം ധനവകുപ്പ് നിരസിച്ചു. ബാങ്ക് വായ്‌പാ പരിധി വർദ്ധിപ്പിക്കാൻ അനുവദിക്കാനായിരുന്നു പകരം നീക്കം.
നെല്ലു സംഭരണ വിഹിതമായി നൽകേണ്ട 25 കോടിയാണ് കേന്ദ്രം അനുവദിക്കുക. രണ്ടും ചേർത്ത് ലഭിക്കുന്ന 50 കോടി രൂപകൊണ്ട് തത്കാലം കടംവാങ്ങൽ ഒഴിവാക്കി മുന്നോട്ടു പോകാനാണ് സപ്ളൈകോയുടെ തീരുമാനം.
# സൈനിക കാന്റീൻ നിരക്കിൽ
ഗൃഹോപകരണങ്ങൾ
സപ്ളൈകോ സൂപ്പർ മാർക്കറ്റുകളിൽ ഗൃഹോപകരണങ്ങൾ കൂടി വിൽക്കുന്ന പദ്ധതി നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സപ്ളൈകോ. 50 ശതമാനം വരെ വിലക്കുറവിൽ വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും. മിലിട്ടറി കാന്റീനുകളിൽ ലഭിക്കുന്നത്ര വിലക്കുറവ് തിരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുമെന്നാണ് സപ്ളൈകോയുടെ അവകാശ വാദം. തിരഞ്ഞെടുത്ത 10 സൂപ്പർമാർക്കറ്റുകളിലാണ് ഇന്നു മുതൽ ഗൃഹോപകരണ വിൽപ്പന കൂടി ആരംഭിക്കുക