തിരുവനന്തപുരം: കരൾരോഗ നിർണയത്തിനും കരൾമാറ്റ ശസ്ത്രക്രിയയ്‌ക്കുമടക്കം അത്യാധുനിക സംവിധാനങ്ങൾ എത്തിച്ചിട്ടും മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രീയ മുടങ്ങുന്നു. നിർദ്ധന രോഗികൾക്ക് പുത്തൻപ്രതിക്ഷ നൽകി സർക്കാർ മേഖലയിൽ ആദ്യമായി സജ്ജീകരിച്ച സംവിധാനമാണ് കന്നി ഓപ്പറേഷന് ശേഷം രണ്ട് വർഷമായി അടഞ്ഞുകിടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 30 ലക്ഷം വരെ ചെലവാകുന്ന ശസ്ത്രക്രീയ സർക്കാർ മേഖലയിൽ സജ്ജീകരിക്കുന്നതിനായി കോടികളാണ് സർക്കാർ ചെലവഴിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച പാറശാല പരശുവയ്ക്കൽ സ്വദേശി 17 കാരനായ ധനീഷ് മോഹന്റെ കരളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന പെരുമാതുറ സ്വദേശി ബഷീറിന് മാറ്റിവെച്ചത്. എന്നാൽ അണുബാധ മൂലം തൊട്ടടുത്ത ദിവസം മരിച്ചു. സ്വകാര്യ ആശുപത്രികൾക്ക് കമ്പനി വിലയിൽ ലഭിക്കുന്ന ഡിസ്‌പോസിബിൾ കിറ്റിന് ലക്ഷക്കണക്കിന് രൂപ ചെലവായതും തിരിച്ചടിയായി. അതോടെ ശസ്ത്രക്രീയയും പരിശോധനയും അനുബന്ധ ചികിത്സയും നിലച്ചു. ഈ ഉപകരണങ്ങൾ ഇപ്പോൾ വൃക്കമാറ്റി വയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുകയാണ് അധികൃതർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുത്തൻ ഉപകരണങ്ങൾ കൂടിയെത്തുമ്പോൾ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർദ്ധനരായ രോഗികൾ.

പ്രതികരണം

--------------------

സാധാരണക്കാരായ രോഗികൾക്ക് ഉപകാരമാകുന്ന കരൾ മാറ്റ ശസ്‌ത്രക്രീയ

പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.

ഡോ.എം.എസ്. ഷർമ്മദ് ഖാൻ,​ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്

 2017 ജനുവരിയിലാണ് സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ആദ്യത്തെ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്നത്.

 2016 ജനുവരിയിൽ 3.5 കോടി രൂപ ചെലവിൽ

21 ഉപകരണങ്ങൾ വാങ്ങി.

 27 ലക്ഷം രൂപ ചെലവിൽ അത്യാധുനിക തീവ്രപരിചരണ വിഭാഗവും

 11 ലക്ഷം രൂപ ചെലവിൽ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അടങ്ങിയ

ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കിറ്റും സജ്ജമാക്കി.

 ദാതാവിന്റെയും സ്വീകർത്താവിന്റെയും വിവിധ അവയവങ്ങളുടെ

ചേർച്ച നിർണ്ണയിക്കുന്ന എച്ച്.എൽ.എ ലാബും നിർമ്മിച്ചു