yechuri

തിരുവനന്തപുരം : സി.പി.എം കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താലേഖകരോട് പറഞ്ഞു. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിലെ പ്രതികളെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനമായ നടപടിയെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോല്പിക്കുക, ഇടതുപക്ഷത്തിന്റെ കരുത്ത് കൂട്ടുക, മതേതര ബദൽ സർക്കാർ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണ് സി.പി.എമ്മിനുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം മതനിരപേക്ഷ ബദൽ സർക്കാരിനായി പ്രവർത്തിക്കുകയാണ് കടമ. ആ സർക്കാരിന്റെ സ്വഭാവം തിരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകൂ. 1996ൽ കോൺഗ്രസുൾപ്പെടാത്ത ഐക്യമുന്നണി സർക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിട്ടുണ്ട്. 2004ൽ യു.പി.എ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകി.

ബംഗാളിൽ കോൺഗ്രസുമായി സീറ്റുകൾ പങ്കിടില്ല. ബംഗാൾ സംസ്ഥാനകമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ദേശീയതലത്തിൽ ആരുമായും സി.പി.എം സഖ്യത്തിനില്ല. പൊതുമിനിമം പരിപാടി തയ്യാറാക്കാനുള്ള പ്രതിപക്ഷയോഗത്തിനും സി.പി.എം ഇല്ലെന്ന് യെച്ചൂരി വ്യക്തമാക്കി.