നെടുമങ്ങാട്: അനിശ്ചിതത്വത്തിലായ പഴകുറ്റി -വഴയില നാലുവരിപ്പാതയ്ക്കായി ജനകീയ കൂട്ടായ്മകൾ കൈകോർക്കുന്നു. 348 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നാലുവരിപ്പാത രണ്ടുവരിയായി ചുരുക്കാനുള്ള കിഫ്‌ബി അധികൃതരുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
നെടുമങ്ങാട് ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 50ഓളം വോളണ്ടിയർമാർ വഴയില മുതൽ പഴകുറ്റി വരെയുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് സർവേയ്ക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. സ്ഥലമെടുപ്പിനെ ചൊല്ലി പ്രതിഷേധം ഉയർന്ന പ്രദേശങ്ങളിൽ ലഘുലേഖ വിതരണം ചെയ്തായിരുന്നു ബോധവത്കരണം. എതിർപ്പിന്റെ മറവിൽ ഫണ്ട് പിൻവലിച്ച് കിഫ്‌ബി പദ്ധതിയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയാണെന്നുള്ള കാര്യം വോളണ്ടിയർമാർ സ്ഥലവാസികളെ പറഞ്ഞുമനസിലാക്കി. തങ്ങൾക്ക് എതിർപ്പ് ഇല്ലെന്നും നാലുവരിപ്പാത നാടിന്റെ ആവശ്യമാണെന്നുമായിരുന്നു കാര്യങ്ങൾ മനസിലാക്കിയ സ്ഥലവാസികളുടെ പ്രതികരണം. അർഹമായ നഷ്ടപരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വിദ്യാർത്ഥികൾക്ക് പിന്നാലെ നെടുമങ്ങാട്ടെ ഓൺലൈൻ സൗഹൃദ കൂട്ടായ്മകളും യുവജന സംഘടനകളും നാലുവരിപ്പാത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. കോയിക്കൽ കൊട്ടാര വളപ്പിൽ ചേർന്ന യുവജനകൂട്ടായ്മ കിഫ്‌ബി ഡയറക്ടർക്ക് നിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, റോഡ് ഏറ്റെടുക്കുമെന്ന അറിയിപ്പ് സംബന്ധിച്ച് എൻ.എച്ച് അതോറിട്ടിയോട് വിശദീകരണം തേടിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്ന നാലുവരിപ്പാത പദ്ധതി പിൻവലിക്കണമെന്ന് എൻ.എച്ച് അതോറിട്ടി നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ പറഞ്ഞു.
ഒപ്പം കേരളകൗമുദിയും
28ന് കേരളകൗമുദി റവന്യൂ ടവറിൽ സംഘടിപ്പിക്കുന്ന വികസന സംവാദത്തിൽ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റംഗങ്ങൾ സർവേ റിപ്പോർട്ട് അവതരിപ്പിക്കും. സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്ന സംവാദത്തിൽ ഡോ.എ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും. കിഫ്ബിയിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. സംവാദത്തിൽ ഉയരുന്ന നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കിഫ്‌ബി ഡയറക്ടർക്കും സമർപ്പിക്കും.
പ്രതികരണം
''എൻ.എച്ച് അതോറിട്ടിയുടെ മുന്നോട്ടുവച്ച റോഡ് നവീകരണ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുകയോ ബഡ്ജറ്റിൽ പണം വകയിരുത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട നാലുവരിപ്പാത നിർമ്മാണത്തിൽ നിന്ന് സംസ്ഥാന സർക്കാരും കിഫ്ബിയും പിന്മാറരുതെന്നാണ് ജനങ്ങളുടെ ആവശ്യം''
ഡോ.ആർ.എൻ അൻസർ
(എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ)