തിരുവനന്തപുരം: കേരള കോൺഗ്രസ്- എമ്മിൽ കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭിന്നത, സീറ്റ് വിഭജനത്തിന് ഇന്ന് കൊച്ചിയിൽ ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയെ ആകാംക്ഷയുടെ മുൾമുനയിലാക്കുന്നു. കേരള കോൺഗ്രസിലെ തർക്കം യു.ഡി.എഫിനെ ബാധിക്കില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടിക്ക് രണ്ട് സീറ്റെന്ന ജോസഫിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാതിരിക്കുകയും ഒരു സീറ്റാണെങ്കിൽ തനിക്കു മത്സരിക്കണമെന്ന ജോസഫിന്റെ ആവശ്യം മാണി തള്ളുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പുസാദ്ധ്യത എങ്ങനെയെന്നാണ് ചോദ്യം.
ജോസഫിനെ പിണക്കിയുള്ള ഒത്തുതീർപ്പിനോട് കോൺഗ്രസിന് താല്പര്യക്കുറവുണ്ട്. മറ്റ് ചെറു ഘടകകക്ഷികളുടെയും നിലപാട് അതാണ്. മുസ്ലിംലീഗ് ഇരുകൂട്ടരെയും പിണക്കാതെയുള്ള മാർഗമാണ് തിരയുന്നത്. തർക്കം മൂർദ്ധന്യത്തിലെത്തിയാൽ കോട്ടയത്ത് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കോൺഗ്രസ് തന്നെ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. എന്നാൽ, തന്റെ തട്ടകത്തിൽ ജോസഫ് സ്ഥാനാർത്ഥിയായി എത്തുന്നതിനോട് മാണി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
ഇടതുമുന്നണി വിട്ട് മാണിഗ്രൂപ്പിൽ ലയിച്ചതിനു ശേഷം നിർണായകഘട്ടത്തിൽ മുന്നണിയെ പ്രതിസന്ധിയിലാക്കാത്ത നിലപാടെടുത്തത് ജോസഫായിരുന്നു. പിണങ്ങി യു.ഡി.എഫ് വിട്ടുനിന്ന മാണിയെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കുന്നതിലും ജോസഫിന്റെ ഇടപെടലുണ്ടായിട്ടുണ്ട്.
സീറ്റ് തർക്കം പരിഹരിക്കാൻ ലീഗ് നേതാക്കൾ ജോസഫിനെയും മാണിയെയും കണ്ട് നേരത്തേ ചർച്ച നടത്തിയതാണ്. ഇന്നലെ കേരള കോൺഗ്രസ്- ജേക്കബ് ഗ്രൂപ്പ് നേതാവും യു.ഡി.എഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ പി.ജെ. ജോസഫുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉഭയകക്ഷി ചർച്ചയ്‌ക്കു മുമ്പായി ലീഗ് നേതാക്കൾ വീണ്ടും മാണിയെയും ജോസഫിനെയും കണ്ടേക്കും.
പാർട്ടി വർക്കിംഗ് ചെയർമാനായ തന്നെ അവഗണിച്ച് മകൻ ജോസ് കെ.മാണിയെ കെ.എം. മാണി പാർട്ടിയുടെ ചെയർമാനാക്കാൻ നീക്കം നടത്തുന്നുവെന്നതാണ് ജോസഫിനെ പ്രകോപിപ്പിക്കുന്നത്. ജോസ് കെ.മാണി നയിച്ച കേരളയാത്ര ഇതിനു മുന്നോടിയായാണെന്ന് ജോസഫ് സംശയിച്ചു. ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്ന പൊട്ടലും ചീറ്റലും.
മുസ്ലിംലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവർ അതിന് നിർബന്ധം പിടിക്കില്ല. പകരം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അവകാശമുന്നയിക്കും. ജേക്കബ് ഗ്രൂപ്പും ഒരു സീറ്റ് ചോദിച്ചെങ്കിലും നൽകാനാവില്ലെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇങ്ങനയൊക്കയാണെങ്കിലും എല്ലാവരുടെയും അഭിപ്രായവും വികാരവും മാനിച്ചുള്ള സീറ്റ് വിഭജനം എന്ന പ്രതീതി ജനിപ്പിക്കാനാണ് ഇന്ന് എല്ലാവരുമായും ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിരിക്കുന്നത്.