തിരുവനന്തപുരം: ആകാശവും കീഴടക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. തുറമുഖ ഭീമനായ ഗൗതം അദാനി, രാജ്യത്ത് ഏറ്റവുമധികം വിമാനത്താവളങ്ങൾ കൈപ്പിടിയിലുള്ള സ്വകാര്യ ഭീമനുമാവുന്നു. തിരുവനന്തപുരത്തിനു പുറമേ, മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ എന്നിവയും ഉറപ്പായി. നിയമക്കുരുക്കിലുള്ള ഗുവാഹത്തി കൂടി കിട്ടിയതോടെ, ആകാശത്ത് അദാനിയുടെ തേർവാഴ്ച ഇനികാണാം. തിരുവനന്തപുരത്തിന് അദാനി നൽകുന്ന ഉറപ്പ് ഇതാണ്, ലോക നിലവാരം. 28ന് അദാനിയുമായി കരാർ ഒപ്പിടും.
അദാനിയുടെ വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകൾ മതി തിരുവനന്തപുരത്തിന് കുതിക്കാൻ. വിഴിഞ്ഞം കിട്ടിയതോടെയാണ് അദാനിക്ക് ഭാഗ്യവഴി തുറന്നത്. ആന്ധ്രയിലെ ശ്രീകാകുളത്ത് ഗ്രീൻഫീൽഡ് തുറമുഖം, വിശാഖപട്ടണത്തെ ഗംഗാവാരം തുറമുഖം, ഇപ്പോൾ ആറ് വിമാനത്താവളങ്ങൾ. പക്ഷേ, തൊട്ടതെല്ലാം പൊന്നാക്കിയ 57കാരൻ ഗൗതം അദാനിക്ക് തിരുവനന്തപുരത്ത് ബിസിനസ് ലാഭത്തിലാക്കാൻ പുതു തന്ത്രങ്ങൾ പയറ്റേണ്ടിവരും. ഓരോ യാത്രക്കാരനും 168 രൂപ വീതം വിമാനത്താവള അതോറിട്ടിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ. ഇത് ആഭ്യന്തര യാത്രക്കാർക്കുള്ള തുകയാണ്. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇരട്ടിയാണ് നിരക്ക്. തിരുവനന്തപുരത്ത് ആഭ്യന്തര യാത്രക്കാർക്ക് 450, രാജ്യാന്തര യാത്രക്കാർക്ക് 950 രൂപ യൂസർ ഫീസുണ്ട്. പ്രതിവർഷം നാലു ശതമാനം വർദ്ധനയുമുണ്ട്. 2021വരെ ഇതിൽ വർദ്ധന വരുത്താനാവില്ല. യൂസർ ഫീസിനു പുറമേയാണ് 168 രൂപ കണ്ടെത്തേണ്ടത്.
50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം, നടത്തിപ്പ് എന്നിവ കൈമാറിക്കിട്ടും. 628.70 ഏക്കർ ഭൂമി കിട്ടുമെങ്കിലും ടെർമിനൽ വികസനത്തിനു പോലും തിരുവനന്തപുരത്ത് സ്ഥലം തികയില്ല. 18 ഏക്കർ വേണം ടെർമിനൽ വികസനത്തിന് മാത്രം. സൗകര്യങ്ങൾ കൂട്ടി, എയർ പോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയെ ബോദ്ധ്യപ്പെടുത്തിയാലേ 2021ൽ യൂസർഫീ കൂട്ടാനാവൂ. ഇപ്പോഴത്തെ നിലയിൽ 2021ൽ രാജ്യാന്തരത്തിൽ 1,069 രൂപയും ആഭ്യന്തരത്തിൽ 506 രൂപയുമാകും യൂസർഫീ. ഇത് വീണ്ടുമുയരുന്നത് യാത്രക്കാരെ അകറ്റുമെന്നും ആശങ്കയുണ്ട്.
അദാനിയുടെ വരുമാന വഴികൾ
വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാവൂ. ഡ്യൂട്ടിഫ്രീ ഷോപ്പുകൾ വിസ്‌തൃതമാക്കുക, ആഭ്യന്തര ടെർമിനലിലും ബാർ തുറക്കുക, മുക്കിലും മൂലയിലും പരസ്യം അനുവദിക്കുക എന്നിവയാണ് മാർഗം. നിലവിലെ മലേഷ്യൻ കമ്പനിയുടെ ഡ്യൂട്ടിഫ്രീ ഷോപ്പ് ഏറ്റെടുത്ത് വലുതാക്കാം. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്ര അടി ഡ്യൂട്ടിഫ്രീ ഷോപ്പ് സിയാൽ നേരിട്ടാണ് നടത്തുന്നത്. പ്രതിവർഷം ലാഭമാകട്ടെ 250 കോടി രൂപ. കണ്ണൂർ വിമാനത്താവളത്തിനായി ബാർ അനുവദിച്ചതോടെ, ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം അദാനിക്ക് തീരുമാനിക്കാം. ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറക്കാം. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇനത്തിലും റോയൽറ്റി കിട്ടും. നെടുമ്പാശേരിയിൽ വാണിജ്യ-പരസ്യ മാർഗത്തിലൂടെ 700 കോടി രൂപയാണ് വരുമാനം.
പ്രതീക്ഷകൾ
അദാനിക്ക് പങ്കാളിയായി വിദേശ കമ്പനി വന്നാൽ ലോകോത്തര സൗകര്യങ്ങൾ ഒരുങ്ങും
അടിസ്ഥാന സൗകര്യ വികസനത്തിന് വൻതോതിൽ വിദേശ നിക്ഷേപം വരും
കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസ്, കണക്‌ഷൻ സർവീസുകളും കൂടും
റിയൽ എസ്‌റ്റേറ്റ് വികസനം വരുന്നതോടെ ഭൂമിവില ഇനിയും ഉയരും
''അത്യധികം ഉത്തരവാദിത്തത്തോടെ വ്യോമയാന മേഖലയിലേക്കും ഞങ്ങൾ എത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കവാടങ്ങളാക്കി വിമാനത്താവളങ്ങളെ മാറ്റും''
കരൺ അദാനി,
സി.ഇ.ഒ, അദാനി പോർട്സ്