കല്ലമ്പലം: നാവായിക്കുളം, കരവാരം, ഒറ്റൂർ പഞ്ചായത്തുകളിലായി നിലകൊള്ളുന്ന കല്ലമ്പലം ജംഗ്‌ഷനിൽ വച്ചാർക്കെങ്കിലും മൂത്രശങ്ക തോന്നിയാൽ പെട്ടതുതന്നെ. ഇവിടെ ഒരു പൊതുശൗചാലയമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയിട്ട് കാലമേറെയായി. നിത്യേന ആയിരക്കണക്കിനു ആളുകളാണ് കല്ലമ്പലത്തു വന്നുപോകുന്നത്. 2012ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് കല്ലമ്പലം മാർക്കറ്റിനോട് ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിൽ ശൗചാലയം നിർമ്മിച്ചിരുന്നു. എന്നാൽ കറന്റും, വാട്ടർകണക്ഷനും എടുത്തു പ്രവർത്തിപ്പിക്കാനോ പണിപൂർത്തിയാക്കാനോ അന്നത്തെ ഭരണ സമിതിക്ക് കഴിഞ്ഞില്ല. തുടർന്ന് വന്ന ഭരണസമിതിയും പണിപൂർത്തിയാക്കിയില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്.
അതേസമയം, നിലവിലുള്ള പൂട്ടിയിട്ടിരിക്കുന്ന പണിതീരാത്ത ശൗചാലയം വാട്ടർ കണക്ഷനും മറ്റും നൽകി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്ത പഞ്ചായത്ത് അധികാരികൾക്കെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
കല്ലമ്പലത്ത് അടിയന്തരമായി പൊതു ടോയ്ലെറ്റ് സ്ഥാപിക്കണം. ലക്ഷങ്ങൾ തുലച്ച് നിർമ്മിച്ച ടോയ്ലെറ്റ് പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്തിന് കഴിയാത്തത് ലജ്ഞാവഹമാണ് .
കല്ലമ്പലം ഉല്ലാസ് കുമാർ
ബി.ജെ.പി കർഷക മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്
ക്യാപ്ഷൻ: കല്ലമ്പലം മാർക്കറ്റിനുള്ളിൽ നാവായിക്കുളം പഞ്ചായത്ത് നിർമ്മിച്ച പണി പൂർത്തിയാകാത്ത പൊതു ടൊയ്ലെറ്റ് അടഞ്ഞ നിലയിൽ