crime

നെടുമങ്ങാട്: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി 64 കാരിയായ വീട്ടമ്മയെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും ബോധരഹിതയായ അവരുടെ കഴുത്തിൽ നിന്ന് ഏഴ് പവനുള്ള താലിമാലയും മൂക്കുത്തിയും കവരുകയും ചെയ്ത കേസിൽ ഭർത്താവിന്റെ സഹോദരനും കൂട്ടാളിയും അറസ്റ്റിൽ. കരിപ്പൂര് തൊണ്ടിക്കര വീട്ടിൽ എ. രാജേന്ദ്രൻ (40), ഇയാളുടെ കൂട്ടാളി മുണ്ടേല കളത്തറ പൊട്ടച്ചിറ പ്രകാശ് ഭവനിൽ എസ്. പ്രകാശ് (34) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റുചെയ്‌തത്. അറസ്റ്റിലായ രാജേന്ദ്രന്റെ ജ്യേഷ്ഠനായ മുരുകനാചാരിയുടെ ഭാര്യ കരിപ്പൂര് ഇരുമരം തടത്തരികത്ത് വീട്ടിൽ സീതാലക്ഷ്‌മിയെയാണ് ആക്രമിച്ചത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 11.20ഓടെയാണ് സംഭവം. വിവാഹത്തിന് ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ രാജേന്ദ്രനും സഹായി പ്രകാശും ചേർന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കൊടുത്ത് മടങ്ങി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയ സീതാലക്ഷ്‌മിയെ ഇവർ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. ബോധരഹിതയായ ഇവരുടെ ആഭരണങ്ങൾ കവർന്ന ശേഷം തലയ്ക്ക് പിന്നിലെ മുറിവിലെ രക്തം തുടച്ച് മാറ്റിയ ശേഷമായിരുന്നു അക്രമികൾ സ്ഥലം വിട്ടത്. വീട്ടിൽ സീതാലക്ഷ്മി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സീതാലക്ഷ്‌മിയെ പിന്നീട് സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതികളെ നെടുമങ്ങാട് ഡിവെെ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിൽ എസ്.എെമാരായ പി. ലൈലാ ബീവി, ശശി ബാബു എ.എസ്.എെ ഷിബു, പൊലീസുകാരായ മഹേശ്വരി, മുരുകൻ, രാംകുമാർ, സുനിൽ കുമാർ, അനിൽ ജസ്‌നാദ്, ദിലീഷ്, അജു, അനൂപ്, അഭിജിത്ത് എന്നിവരാണ് അറസ്റ്റുചെയ്‌തത്. പ്രതികളിൽ നിന്ന് ആഭരണങ്ങൾ കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്‌തു.