തിരുവനന്തപുരം: പകൽ സമയങ്ങളിൽ നഗരത്തിലും പരിസരങ്ങളിലും കറങ്ങിനടന്ന‌് വീടുകൾ കുത്തിപ്പൊളിച്ച് പണവും സ്വർണവും കവരുന്ന കവർച്ചാ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. പൂങ്കുളം ചിത്രാ ആശുപത്രിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന നെട്ടയം മണികണ്ഠേശ്വരം പന്നിക്കുഴിക്കര വേറ്റിക്കോണം ബീനാ ഭവനിൽ വേറ്റിക്കോണം അരുൺ എന്ന മായാവി അരുൺ (31), കൂട്ടാളി ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി നഗറിൽ സുധീർ (42) എന്നിവരെയാണ‌് മണ്ണന്തല പൊലീസ‌് പിടികൂടിയത‌്. നഗരത്തിൽ നടന്ന പത്തോളം മോഷണക്കേസുകൾക്കാണ് ഇയാളുടെ അറസ്റ്റോടെ തുമ്പുണ്ടാകുന്നത്.
2017ൽ പത്തോളം മോഷണം നടത്തിയതിന് ഷാഡോ പൊലീസ് പിടികൂടി. എട്ട് മാസത്തിന‌് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയാണ് വീണ്ടും മോഷണം ആരംഭിച്ചത‌്. മുമ്പ‌് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു മായാവി അരുൺ. വിവാഹ വീടുകളിൽ സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നുകൂടും. വീട്ടുകാർ ശ്രദ്ധിക്കാതെ വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസിലാക്കുകയും വീട്ടുകാർ കല്യാണമണ്ഡപത്തിൽ പോകുന്ന സമയം മോഷണം നടത്തുകയുമായിരുന്നു രീതി. പേരൂർക്കട, മ്യൂസിയം, വട്ടിയൂർക്കാവ്, പൂജപ്പുര എന്നീ സ്റ്റേഷനുകളിലായി ഇത്തരത്തിൽ മുപ്പതോളം കേസുകളുണ്ട‌്. ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് പകൽ സമയത്ത് മോഷണം ആരംഭിച്ചത്. ആളില്ലാത്ത വീടുകൾ മനസിലാക്കിയശേഷം മതിൽ ചാടിക്കടന്ന് വീട്ടിൽ തന്നെയുള്ള പിക്കാസ്, മൺവെട്ടി, പാര എന്നിവ ഉപയോഗിച്ച് മുൻഭാഗത്തെ കതക് തകർത്താണ‌് കവർച്ച. മോഷ്ടിക്കുന്ന സ്വർണം ചാക്കയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവയ്‌ക്കുകയും വിൽക്കുന്നതും സുധീറായിരുന്നു. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് വിനോദയാത്രയാണ‌് ഹോബി. ഇത്തവണയും മോഷണ തുക കൊണ്ട‌് ബംഗളൂരുവിൽ വിനോദയാത്ര പോയിരുന്നു. കൺട്രോൾ റൂം എ.സി ശിവസുതൻപിള്ള, മണ്ണന്തല എസ‌്.ഐ രാകേഷ്, ശ്രീകാര്യം എസ‌്.ഐ സനോജ്, ഷാഡോ എസ‌്.ഐ സുനിലാൽ, ഷാഡോ എ.എസ്.ഐ.മാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിന‌് നേതൃത്വം നൽകിയത‌്.
10 കേസുകൾ
------------------------------------
കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടിൽ അതുൽ മോഹനന്റെ വാടകവീട‌് പൊളിച്ച് മൂന്ന് പവനും പണവും മോഷ്ടിച്ച കേസിലും ശ്രീകാര്യം ചെല്ലമംഗലം വെഞ്ചാവോട് ശ്രീനഗർ അജിത്ത് ലൈനിൽ ഐശ്വര്യയിൽ ശ്രീധരൻപിള്ളയുടെ മകൻ വിനുരാജിന്റെ വീട്പൊളിച്ച് 18പവൻ, വാച്ച‌് എന്നിവയും ശ്രീകാര്യം എൻജിനിയറിംഗ് കോളേജിനടുത്ത പുളിക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട് കുത്തിപ്പൊളിച്ച് പണം തട്ടിയെടുത്ത സംഭവം, ശ്രീകാര്യം പാങ്ങപ്പാറ പുളിക്കൽ ക്ഷേത്രത്തിന് സമീപം ഇരുനില വീട‌് കുത്തിത്തുറന്ന് പണം തട്ടിയതുൾപ്പെടെ 10 പകൽ കവർച്ചകളാണ് ഇതോടെ തെളിഞ്ഞത്.
ഫോട്ടോ:
1.മായാവി അരുൺ
2. സുധീർ