തിരുവനന്തപുരം: ഈ മാസം 28ന് റിട്ടയർ ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഇന്ന് വൈകിട്ട് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി ജീവനക്കാർ. സംഗതി പാട്ടായതോടെ സമ്മേളനം തലസ്ഥാന നഗരത്തിലെ ഒരു പ്രമുഖ സർക്കാർ ഹോട്ടലിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥർ മാത്രമേ എത്തൂ എന്ന് കണക്കുകൂട്ടിയാണ് സമ്മേളനം ഹോട്ടലിലേക്ക് മാറ്റിയത്.
ലാൻഡ് റവന്യു കമ്മിഷണറുടെ യാത്രയയപ്പ് സമ്മേളനമാണ് ജീവനക്കാർ ബഹിഷ്കരിക്കുമെന്ന ഭീഷണി ഉയർന്നത്. യാത്രയയപ്പ് സമ്മേളനം തലസ്ഥാനത്തെ മ്യൂസിയത്തിനടുത്ത് പബ്ളിക് ഓഫീസ് സമുച്ചയത്തിലെ ലാൻഡ് റവന്യു കമ്മിഷണറേറ്റിലായിരുന്നു തീരുമാനിച്ചിരുന്നത്. ജീവനക്കാർക്കെല്ലാം പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് സമ്മേളനം ഇവിടെ ആക്കിയത്. എന്നാൽ, കമ്മിഷണറുടെ നേരത്തെയുള്ള ചില നടപടികളിൽ പ്രകോപിതരായ ജീവനക്കാരിൽ ഭൂരിപക്ഷവും സമ്മേളനം ബഹിഷ്കരിക്കാൻ രഹസ്യ തീരുമാനമെടുത്തുവത്രേ. അതോടെ സമ്മേളനം ശുഷ്കമാകുമെന്ന ആശങ്കയും പ്രതിഷേധം ഉണ്ടാകുവെന്ന ഭയവും കാരണം ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
തങ്ങളോട് വളരെ ധിക്കാരമായി പെരുമാറിയിരുന്ന കമ്മിഷണറോട് കടുത്ത എതിർപ്പുണ്ടത്രേ ജീവനക്കാർക്ക്. അതാണ് യാത്രയയപ്പ് സമ്മേളനത്തിൽ പ്രതിഫലിക്കുന്നതും.
കമ്മിഷണറേറ്രിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ട ലാസ്റ്ര് ഗ്രേഡ് ജീവനക്കാരനായ മുരളീധരൻ നായരുടെ മൃതദേഹം കമ്മിഷണറേറ്രിൽ കൊണ്ടുവന്നപ്പോൾ കമ്മിഷണർ ഓഫീസിൽ നിന്നും മാറി നിന്നു എന്ന വിമർശനം ജീവനക്കാർക്കുണ്ട്. അമ്പലപ്പുഴ താലൂക്കിലെ പറവൂർ വില്ലേജിൽ ജീവനക്കാരനായ അഫ്സൽ ട്രഷറിയിൽ അടയ്ക്കേണ്ട അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ കേസിൽ ആ സമയത്ത് പ്രസവാവധിയിലായിരുന്ന ജീവനക്കാരിക്കെതിരെയും പത്ത് ദിവസം മാത്രം സർവീസുണ്ടായിരുന്ന ജീവനക്കാരനെതിരെയും അച്ചടക്ക നടപടിയെടുത്തതും ജീവനക്കാരെ പ്രകോപിപ്പിച്ചു. പ്രൊബേഷൻ കാലാവധിക്ക് മുമ്പ് സസ്പെൻഷനിലായ ജീവനക്കാരൻ കൈക്കുഞ്ഞുമായി ആലപ്പുഴ കളക്ടറേറ്റിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ജീവനക്കാർക്ക് അമർഷമുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് സമ്മേളനം ബഹിഷ്കരിക്കാൻ ജീവനക്കാരുടെ വെൽഫയർ കമ്മിറ്റി തന്നെ രംഗത്തെത്തിയെന്നും സൂചനയുണ്ട്. ഒരുപക്ഷേ, സർവീസ് ചരിത്രത്തിൽ ആദ്യമായിരിക്കാം റിട്ടയർ ചെയ്യുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് സമ്മേളനം ജീവനക്കാരുടെ ബഹിഷ്കരണ ഭീഷണി നേരിടുന്നത്.