ഷൊർണൂർ: ചെന്നൈ - മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്. ആർക്കും പരിക്കില്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തു വച്ചാണ് എൻജിന് പിന്നിലെ രണ്ട് ബോഗികൾ തെന്നിമാറിയത്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പാർസൽ വാനും എസ്.എൽ.ആർ കോച്ചുമാണ് പാളം തെറ്റിയത്. ഇന്നുരാവിലെ 6.45നായിരുന്നു അപകടം.
സംഭവത്തെതുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങി. തകരാർ പരിഹരിക്കാനുള്ള ശ്രമം റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. അപകടത്തെ തുടർന്ന് തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം രാവിലെ തടസപ്പെട്ടു.
രണ്ട് മണിക്കൂറിനകം തകാരാർ പരിഹരിച്ച് ഗതാതതം പുനഃരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ - പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല. സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബ്രേക്ക് അപ് വാൻ ഉൾപ്പെടെയുള്ള അടിയന്തര സംവിധാനങ്ങൾ ഷൊർണൂരിൽ തന്നെ ഉള്ളതിനാൽ ഉടൻ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.