കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ മുഖ്യപ്രതി 30 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം പള്ളിത്തോട്ടം എച്ച്.എൻ.സി കോമ്പണ്ടിൽ ബാബു എന്ന ബാബുരാജനെയാണ് (48) പള്ളിത്തോട്ടം എസ്.ഐ ആർ.ബിജുവിന്റെ നേതൃത്വത്തിൽ അറസ്‌റ്ര് ചെയ്‌തത്.
1989ൽ നടന്ന സംഭവത്തിൽ അറസ്‌റ്റിലായ ബാബുരാജന് അന്ന് കോടതി കർശനമായ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ ബാബുരാജൻ നാട്ടിൽ നിന്ന് മുങ്ങി. പിന്നീട് ഒരിക്കലും പള്ളിത്തോട്ടം ഭാഗത്ത് വരാതിരുന്ന ബാബുരാജൻ തിരുവനന്തപുരം വലിയതുറയിൽ ഒളിവിൽ കഴിയുകയാണെന്ന് എസ്.ഐ ബിജുവിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ഈ കേസിൽ ബാബുരാജന്റെ കൂട്ടു പ്രതികളായ രണ്ടുപേരെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. വലിയതുറയിൽ വിവാഹിതനായി കുടംബവുമൊത്ത് താമസിച്ച് കെട്ടിട നിർമ്മാണ ജോലികൾ ചെയ്‌തു വരികയായിരുന്നു. എ.എസ്.ഐ ഹിലാരിയോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സ്‌ക്ലോബിൻ, അനീഷ് കുമാർ, ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.