രോഗികളിൽ 15 ശതമാനം പേർക്ക് യൂറോളജിക്കലായുള്ള അസുഖങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അസുഖങ്ങൾ കൂടുതലും മൂത്രവ്യവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കും. ഉദാഹരണത്തിന് മൂത്രത്തിൽ രക്തം കാണുക, വൃഷണത്തിന്റെ വീക്കം, മൂത്രവ്യവസ്ഥയുടെ അസുഖം മറ്റ് വ്യവസ്ഥകളിലേക്ക് വ്യാപിക്കുക. വൃക്കയിലോ യുറീറ്ററിലോ ഉള്ള മൂത്രക്കല്ല് മൂലം അതേ ഭാഗത്തുള്ള വൃഷണത്തിൽ വേദനയും ഓക്കാനം, ഛർദ്ദി മുതലായവയും അനുഭവപ്പെടാം.
പ്രോസ്റ്റേറ്റ് കാൻസർ എല്ലുകളിലേക്ക് വ്യാപിച്ചാൽ നട്ടെല്ലിനും മറ്റ് എല്ലുകൾക്കും ഉള്ള വേദന, ഒടിവ്, നട്ടെല്ലിന്റെ ഒടിവ് മൂലം കാലുകൾക്ക് തളർച്ച, കാലുകളിൽ നീര് മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചില യൂറോളജിക്കൽ അസുഖങ്ങൾ രോഗിയിൽ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ലെന്നും വരാം. വൃക്കയിലെ വളരെ വലിപ്പമുള്ള കല്ലുകൾ, മൂത്രവ്യവസ്ഥയിലെ കാൻസറുകൾ മുതലായവ യാതൊരു ലക്ഷണങ്ങളും ചിലപ്പോൾ ഉണ്ടാക്കില്ല.
യൂറോളജിക്കൽ അസുഖങ്ങൾ പ്രധാനമായും വേദന, മൂത്രമൊഴിക്കുമ്പോഴുള്ള വ്യതിയാനങ്ങൾ, മൂത്രത്തിന്റെ നിറത്തിലുള്ള വ്യത്യാസങ്ങൾ, ജനനേന്ദ്രിയങ്ങൾക്ക് ഉള്ള വ്യത്യാസങ്ങൾ മുതലായ രീതിയിലുള്ളതാകാം.
വൃക്കയിലെ മൂത്രക്കല്ല്, കാൻസറുകൾ മുതലായവ മൂലം നടുവിന്റെ മുകൾ ഭാഗത്ത് വേദന ഉണ്ടാകാം. മൂത്രകല്ല് മൂലമുള്ള വേദന അസഹനീയമായിരിക്കും. മൂത്രസഞ്ചിയുടെ രോഗാണുബാധ, മൂത്രം കെട്ടിനിൽക്കുക മുതലായവ മൂലം അടിവയറ്റിൽ വേദന അനുഭവപ്പെടും.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അണുരോഗ ബാധ മൂലം നാഭി, നടുഭാഗം മുതലായ സ്ഥലങ്ങളിൽ വേദന ഉണ്ടാകാം. വൃഷണങ്ങളുടെ അണുരോഗബാധ, ടോർഷൻ, വെരികോസിൽ, ട്യൂമറുകൾ മുതലായവ മൂലം വൃഷണത്തിൽ വേദന ഉണ്ടാകാം.
വൃക്കപരാജയം, വൃക്കയുടെ തടസം ഇവ മൂലം മൂത്രം ഒട്ടും ഉത്‌പാദിപ്പിക്കാതെ വരിക, മൂത്രം കെട്ടിനിൽക്കുക മുതലായ അവസ്ഥകൾ ഉണ്ടാകാം. മൂത്രം കൂടുതലായി ഉണ്ടാകുന്ന അവസ്ഥ പ്രമേഹം മൂലം ഉണ്ടാകാം.
മൂത്രത്തിന്റെ പ്രവാഹത്തിന് ഉണ്ടാകുന്ന വ്യത്യാസങ്ങൾ പ്രധാനമായും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖങ്ങൾ, മൂത്രനാളത്തിന്റെ സ്ട്രിക്‌ചർ, ന്യൂറോജനിക് ബ്ളാഡർ, മൂത്രക്കല്ല് മുതലായവ പുരുഷന്മാർക്കും മൂത്രസഞ്ചി താഴോട്ട് ഇറങ്ങി വരുന്ന അവസ്ഥ സ്ത്രീകൾക്കും ഉണ്ടാകുന്നു.
മൂത്രം ഒഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രം പോവുക, രാത്രിയിൽ കൂടുതൽ തവണ മൂത്രം പോവുക, മൂത്രം ഒഴിക്കാൻ താമസം, മൂത്രം ശക്തികുറഞ്ഞ് പോവുക, ഒഴിഞ്ഞുപോകാതെ ബാക്കി നിൽക്കുക, ഒട്ടും പോകാതെ കെട്ടിനിൽക്കുക മുതലായ രീതിയിൽ മേല്പറഞ്ഞ അസുഖങ്ങൾ പ്രകടമാവാം.
മൂത്രം അറിയാതെ പോകുന്നത് പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം, ഓപ്പറേഷൻ കഴിഞ്ഞ രോഗികൾ മുതലായ സാഹചര്യങ്ങളിൽ ഉണ്ടാകാം. ചില സ്ത്രീകളിൽ ചുമക്കുമ്പോഴും മറ്റും മൂത്രം അറിയാതെ പോകുന്നു. ഇതിന് സ്ട്രസ് യൂറിനറി ഇൻകോൺടിനെൻസ് എന്നു പറയുന്നു. മൂത്രം കലങ്ങി പോകുന്നത് മൂത്രരോഗാണുബാധ, കൈലൂറിയ മുതലായ രോഗങ്ങളിലാണ്. മൂത്രത്തിൽ രക്തം കാണുന്നത് മൂത്രക്കല്ല്, മൂത്രവ്യവസ്ഥയിലെ കാൻസർ, മൂത്രവ്യവസ്ഥയിലെ അപകടം മൂലമുള്ള മുറിവ് മുതലായവ കൊണ്ട് ഉണ്ടാകാം.
ഡോ. എൻ. ഗോപകുമാർ
യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്
യൂറോ കെയർ
ഓൾഡ് പോസ്റ്റാഫീസ് ലെയിൻ
ചെമ്പകശേരി ജംഗ്ഷൻ
പടിഞ്ഞാറേകോട്ട
തിരുവനന്തപുരം
ഫോൺ : 9447057297
www.drgopakumarurology.com