പോത്തൻകോട്: യുവാവിനെ മർദ്ദിച്ചുകൊന്ന നാലംഗ മദ്യപ സംഘത്തിനായി പോത്തൻകോട് പൊലീസ് തെരച്ചിൽ ശക്തമാക്കി. പോത്തൻകോട് ചന്തവിള മണ്ണറത്തൊടിക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിച്ചുവെന്ന വിനയബോസ് (38) കൊല്ലപ്പെട്ട കേസിലാണ് പുല്ലാനിവിള സ്വദേശികളായ നാലംഗ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
വിനയ ബോസിന്റെ മരണവിവരം അറിഞ്ഞതോടെ ഒളിവിൽ പോയ ഇവർക്കായി ജില്ലയ്ക്കകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി ആറ്റിങ്ങൽ ഡിവൈ.എസ് പി അറിയിച്ചു. വിനയബോസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ കുടുംബവീടിന് സമീപമുള്ള മൺവിള അംബേദ്കർ ശ്മശാനത്തിൽ സംസ്കരിച്ചു.കഴിഞ്ഞ 22ന് പുലർച്ചെ പുല്ലാനിവിള റോഡ് വഴി നടന്നുപോകുകയായിരുന്ന വിനയബോസിനെ പുല്ലാനിവിള കലുങ്കിന് സമീപം മദ്യപിച്ചിരുന്ന സംഘം മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.