കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരൻ കോടതിയിൽ പറഞ്ഞതും മുഖ്യപ്രതിയുടെ കുടുംബം പറഞ്ഞതും ഒന്നായതോടെ വീണ്ടും ആരോപണങ്ങൾ ശക്തമാകുന്നു. പ്രതിയും കുടുംബവും പറയുന്നതിൽ സാമ്യമുണ്ടായതോടെ കൊലയാളികൾ ആരെന്ന ചോദ്യം ഉയരുകയാണ്.
കൃപേഷിനെയും ശരത്തിനെയും കൊല്ലാൻ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് പോലെ കണ്ണൂരിലെ പ്രൊഫഷണൽ കില്ലർമാർ എത്തിയോ, കണ്ണൂരിലെ ഷുഹൈബിനെ വധിച്ച സംഘത്തിലെ അംഗങ്ങളാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. ഉന്നതതല ഗൂഢാലോചന നടത്തി പീതാംബരനെ മുഖ്യപ്രതിയാക്കി കുടുക്കിയതാണോ എന്ന ചോദ്യവും ശക്തമായിട്ടുണ്ട്.
എനിക്ക് ഒന്നും അറിയില്ല, ഞാൻ ആരെയും കൊല്ലാൻ പോയിട്ടില്ല, പൊലീസുകാർ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിച്ചതാണ് എന്നാണ് പീതാംബരൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യിൽ പറഞ്ഞത്. പീതാംബരന്റെ അമ്മ തമ്പായിയും ഭാര്യ മഞ്ജുവും മകളും പീതാംബരൻ ആരെയും കൊന്നിട്ടില്ലെന്നും പാർട്ടി കുറ്റം തലയിൽ കെട്ടിവെച്ചതാണെന്നും പീതാംബരനെ അറസ്റ്റ് ചെയ്ത ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോൺഗ്രസുകാരുടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് വലത് കൈ ഒടിഞ്ഞതിനെ തുടർന്ന് സ്റ്റീൽ ഇട്ടിരിക്കുകയാണെന്നും പീതാംബരന് ആ കൈ തലക്ക് മേലെ ഉയർത്തി ആരെയും കൊല്ലാൻ കഴിയില്ലെന്നാണ് അമ്മ തമ്പായി പറഞ്ഞത്. അച്ഛൻ കൊന്നതായി വിശ്വസിക്കുന്നില്ലെന്ന് മകളും പറഞ്ഞിരുന്നു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. അറസ്റ്റിലായവരെ സഹായിച്ചവർ ഉൾപ്പെടെ 40 ഓളം പേർ കേസിൽ പ്രതികളാക്കുമെന്ന സൂചനയുമുണ്ട്. ഇന്നലെ കോടതി നടപടികൾ പൂർത്തിയാകാനിരിക്കെ എനിക്കൊരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് പീതാംബരൻ മാജിസ്‌ട്രേറ്റിനോട് പറയുകയായിരുന്നു. എന്തെങ്കിലും രീതിയിലുള്ള അസുഖം ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് വീണ്ടും ചോദിച്ചപ്പോൾ ഇല്ല ഷുഗർ മാത്രമാണുള്ളതെന്നും പറഞ്ഞ ശേഷമാണ് പീതാംബരൻ ഇക്കാര്യം ബോധിപ്പിച്ചത്.
രാഷ്ട്രീയ വൈരാഗ്യം കാരണം ഏഴ് പേരുമായി ചേർന്ന് പീതാംബരൻ നേരിട്ട് കൊലനടത്തിയെന്നും കൊലപ്പെടുത്താൻ എത്തിയ സംഘത്തിൽ പീതാംബരൻ ഉണ്ടായിരുന്നുവെന്നും ആയിരുന്നു നേരത്തെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്ന റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിക്ക് സമീപം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പാർട്ടി ഭീഷണിയില്ലെന്നും പീതാംബരൻ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പി പ്രദീപ് എന്നിവർ കേസ് ഫയൽ ഏറ്റെടുത്തു. പ്രതികൾ ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഹൊസ്ദുർഗ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
അതേസമയം കാസർകോട് ജില്ലയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി സമാധാനയോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടിന് സിവിൽ സ്റ്രേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നേതൃത്വം നല്കും.