വിഴിഞ്ഞം: കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ മണൽ പരപ്പിലൂടെ ദുർഗന്ധവാഹിനിയായി ഒഴുകുന്ന തോട് കാരണം വിദേശികൾക്ക് മൂക്കു പൊത്തേണ്ട അവസ്ഥയാണ്. ഹവാ ബീച്ചിനെയും ലൈറ്റ് ഹൗസ് ബീച്ചിനെയും ഇപ്പോൾ ഈ തോട് വേർതിരിച്ചിരിക്കുകയാണ്. ബീച്ചിന് അടുത്തുകൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഈ ഒാടയിലേക്ക് ഡ്രെയിനേജ് മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സീസൺ ആയതിനാൽ ഇവിടെ സഞ്ചാരികളുടെ വൻ തിരക്കാണ്. എന്നാൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് സഞ്ചാരികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ വെള്ളക്കെട്ടിനെതിരെ സഞ്ചാരികൾ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബീച്ചിൽ ഇടക്കല്ലിൽ നിർമ്മിച്ചിട്ടുള്ള പൂന്തോട്ടത്തിന് ജലസേചനം നടത്താൻ നിർമ്മിച്ച കിണർ ഇപ്പോൾ മാംസാവശിഷ്ടങ്ങൾ കൊണ്ട് ദുർഗന്ധ പൂരിതമായിരിക്കുകയാണ്. ഒപ്പം വിദേശികൾ ഉൾപ്പെടെയുള്ളവരെ ഏറെ ബുദ്ധിമുട്ടിക്കുന്നത് ടോയ്‌ലെറ്റുകളുടെ അഭാവമാണ്. മുൻപ് മൊബൈൽ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും അത് നശിച്ചു. കടലിൽ കുളി കഴിഞ്ഞ് വരുന്ന സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യമില്ല. തീരത്തെ ദുർഗന്ധത്തിനും സഞ്ചാരികളും സുരക്ഷാ ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
2015ൽ ഇടക്കല്ല് പാറക്കൂട്ടങ്ങൾക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർത്ഥികളിൽ നാല് പേരെയും ഇവരെ രക്ഷിക്കാനിറങ്ങിയ ബാസ്കറ്റ് ബാൾ റഫറിയുമടക്കം അഞ്ച് പേരെ തിരയിൽ പെട്ട് കാണാതായിരുന്നു. ഇതിൽ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. ഇതിന് ശേഷം പൊലീസിന്റെയും അന്നത്തെ സ്ഥലം എം.എൽ.എയുടെയും നേതൃത്വത്തിൽ തീരത്ത് സുരക്ഷ ശക്തമാക്കാനും തെരുവുവിളക്കുകൾ സ്ഥാപിക്കാനും വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും പൊലീസ് എയ്ഡ് പോസ്റ്റുകൾ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയായെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ലൈഫ് ഗാർഡുമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് പലപ്പോഴും കടലിൽ ഇറങ്ങുന്നവർ അപകടത്തിൽ പെടാറുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങുന്നവരെ പിന്നീട് പൊലീസിന്റെയും മറ്റും സഹായത്തോടെയാണ് കരയിൽ എത്തിക്കുന്നത്. എന്നാൽ തീരത്തെ പൊലീസ് സേനയുടെ അംഗബലം കുറച്ചതോടെ തിരക്കുള്ള ദിനങ്ങളിൽ സഞ്ചാരികളെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുമാർ പാടുപെടുകയാണ്.
ഓരോ ഷിഫ്റ്റിലുമായി ആകെയുള്ളത് പഴഞ്ചൻ ലൈഫ് ബോയ്‌കളും പതിനഞ്ചോളം ലൈഫ് ഗാർഡുമാരും ഒരുസൂപ്പർ വൈസറുമാണ്. എന്നാൽ ആവശ്യത്തിനുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഇവർക്കില്ല. തിരയിൽ അകപ്പെടുന്ന സഞ്ചാരികളെ ലൈഫ് ഗാർഡുമാർ രക്ഷപെടുത്തുന്നത് ജീവൻ പണയപ്പെടുത്തിയാണ്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് ലൈഫ് ഗാർഡുകളുടെ സേവനം. എന്നാൽ അതുകഴിഞ്ഞ് കടലിൽ കുളിക്കാനെത്തുന്ന സഞ്ചാരികളെ വിരട്ടി ഓടിക്കുന്നത് പട്രോളിംഗ് നടത്തുന്ന പൊലീസുകാരാണ്. ബീച്ചിലേക്കുള്ള പ്രധാന കവാടത്തിൽ പുതുതായി ഒരു പൊലീസ് എയ്ഡ് പോസ്റ്റ് നിർമ്മിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമായിട്ടില്ല. മുപ്പതോളം ടൂറിസം പൊലീസുകാരെ വിന്യസിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏതാനും പൊലീസുകാർ മാത്രമാണ് ഉള്ളത്. സഞ്ചാരികളെ നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമവും അവതാളത്തിലാവുകയാണ്.