ആര്യനാട്: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റി നിറുത്തി അറിവിന്റെ പുതിയൊരു ലോകത്തേക്ക് എത്തിക്കാൻ എക്സൈസിന്റെ വേറിട്ട പരിപാടി. പറണ്ടോട് കാരയ്ക്കൻതോട് പട്ടികവർഗ്ഗ ഊര് കേന്ദ്രമാക്കി ലഹരിക്കെതിരെ യുവാക്കളെ സജ്ജമാക്കാൻ അക്ഷരദീപം എന്ന പേരിൽ ലൈബ്രറി ഒരുക്കിയിരിക്കുകയാണ്. ഒഴിവു സമയങ്ങളിൽ യുവാക്കൾക്ക് വായനയുടെ ലോകത്ത് എത്താനും അതിൽ നിന്നും അവരുടെ മനസ്സ് ലഹരിയ്ക്കടിമപ്പെടാതെ ഉത്തരവാദിത്തമുള്ള സാമൂഹ്യ ജീവികളാക്കി മാറ്റാനുമാണ് ഇത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളാൻ നെടുമങ്ങാട് എക്സൈസിനെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 500 പുസ്തകങ്ങൾ സമാഹരിച്ച് കൊണ്ടാണ് ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചത്. ക്രമേണ എക്സൈസ് ഉദ്യോഗസ്ഥർ തന്നെ ലൈബ്രറിയുടെ വിപുലീകരണത്തിനും നേതൃത്വം നൽകും. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. മുഹമ്മദ് ഉബൈദ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, ഡോ. ബാലചന്ദ്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബു, മെമ്പർ ഷിബു, സജികുമാർ എന്നിവർ പങ്കെടുത്തു.