ആക്രമണകാരിയോട് വേദാന്തം പറഞ്ഞിട്ടു കാര്യമില്ല. പേശീബലം തന്നെയാണ് ഏതു കവലച്ചട്ടമ്പിക്കും എളുപ്പം മനസിലാകുന്ന ഭാഷ. കാശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരെ ചാവേറാക്രമണത്തിൽ കൊന്നൊടുക്കിയ പാക് ഭീകരന്മാർക്ക് എളുപ്പം മനസിലാകുന്ന ഭാഷയിൽത്തന്നെയാണ് ഇന്ത്യൻ വ്യോമസേന ഇന്നലെ പുലർച്ചെ ഒരിക്കലും മറക്കാനാവാത്ത മറുപടി നൽകിയത്. പാക് അധീന കാശ്മീരിലെ ബാലാകോട്ടിലുള്ള മൂന്ന് പാക് ഭീകര താവളങ്ങളാണ് ശസ്ത്രക്രിയാ സൂക്ഷ്മതയോടും കൃത്യതയോടും കൂടി വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനങ്ങൾ ആക്രമിച്ചു തകർത്തത്. വ്യോമസേനയുടെ അഭിമാനമായ പന്ത്രണ്ട് മിറാഷുകൾ പങ്കെടുത്ത ആക്രമണം നൂറു ശതമാനവും വിജയകരമായിരുന്നു. ഒളിത്താവളങ്ങളിലുണ്ടായിരുന്ന ഭീകരന്മാരിൽ നേതാക്കളടക്കം മുന്നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് വാർത്ത. പന്ത്രണ്ടു ദിവസം മുൻപ് പുൽവാമയിൽ കാണിച്ച തെമ്മാടിത്തത്തിന് ഇത്രവേഗം കനത്ത തിരിച്ചടി പാകിസ്ഥാനോ ഭീകര ഗ്രൂപ്പുകളോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പുൽവാമയിൽ നമ്മുടെ സൈനികർ ഒഴുക്കേണ്ടിവന്ന രക്തം ഒരിക്കലും പാഴാവുകയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞ ഒരു അളവോളം നിറവേറിയതിൽ ആത്മാഭിമാനമുള്ളവർ അതിരറ്റു സന്തോഷിക്കുമെന്നു തീർച്ച. നിയന്ത്രണ രേഖയും കടന്നുചെന്ന വ്യോമസേനാ യുദ്ധവിമാനങ്ങൾ ആയിരം കിലോ ബോബുകൾ വർഷിച്ചാണ് ഭീകര ക്യാമ്പുകൾ തകർത്തു തരിപ്പണമാക്കിയത്. ആക്രമണത്തിനുശേഷം വിമാനങ്ങളെല്ലാം നിരപായം തിരിച്ചെത്തിയതും ഏറെ ആശ്വാസം പകരുന്നു. മാസങ്ങൾക്കു മുൻപ് നടന്ന 'സർജിക്കൽ സ്ട്രൈക്കിനു" ശേഷം പാക് ഭീകര ഗ്രൂപ്പുകൾ പലകുറി കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തി നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെങ്കിലും അതിർത്തി കടന്നുള്ള ഒരു പ്രത്യാക്രമണത്തിന് നമ്മുടെ സേന ഒരുമ്പെട്ടിരുന്നില്ല. അയൽരാജ്യവുമായി കഴിവതും സമാധാനത്തിലും സൗഹൃദത്തിലും കഴിയുക എന്ന പ്രഖ്യാപിത നയം പക്ഷേ പാകിസ്ഥാന് ഇപ്പോഴും ബോദ്ധ്യമായിട്ടില്ലെന്നതിനു തെളിവാണ് കൂടക്കൂടെയുള്ള ഭീകരന്മാരുടെ അഴിഞ്ഞാട്ടം. സമാധാനത്തിനുള്ള ഇന്ത്യയുടെ എല്ലാ നീക്കങ്ങളെയും നിസാരവത്‌കരിക്കുന്നതായിരുന്നു സമീപകാലത്ത് അപ്പുറത്തുനിന്ന് വിവിധ ഭീകര ഗ്രൂപ്പുകളുടെ സാഹസങ്ങൾ. പുൽവാമ കൂട്ടക്കുരുതി നടന്നപ്പോഴും അതിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു പറഞ്ഞു കൈകഴുകാനാണ് പാക് ഭരണാധികാരിയായ ഇമ്രാൻഖാൻ തുനിഞ്ഞത്. എന്നാൽ പാക് സൈന്യം ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിൽപ്പെട്ട ചാവേർ നടത്തിയ കൂട്ടക്കൊല ലോകരാഷ്ട്രങ്ങൾക്കിടയിൽ പാകിസ്ഥാനെ പൂർണമായും ഒറ്റപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയിൽ സന്തത സഹായികളായ ചൈനയ്ക്കു പോലും മറ്റു സ്ഥിരാംഗങ്ങളുടെ സമ്മർദ്ദത്തിൽ പാകിസ്ഥാനെ തള്ളിപ്പറയേണ്ടിവന്നു. അതിർത്തിയിൽ സമാധാനത്തിന് ഒരവസരം കൂടി അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇമ്രാൻഖാന്റെ അഭ്യർത്ഥന വന്നിട്ട് മണിക്കൂറുകളേ ആയുള്ളൂ. അപ്പോഴും പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനുള്ള തെളിവ് ആവശ്യപ്പെടാനാണ് തന്റെ മുൻഗാമികളെപ്പോലെ കടുത്ത ഇന്ത്യാ വിരോധം മനസിൽ സൂക്ഷിക്കുന്ന ഇമ്രാനും ശ്രമിച്ചത്. മുംബയ് ഭീകരാക്രമണ കാലം തൊട്ടേ എണ്ണമറ്റ തെളിവുകൾ നൽകിയിട്ടും ഒരു നടപടിയുമെടുക്കാത്ത പാകിസ്ഥാൻ പുതിയ തെളിവ് തേടുന്നതിലെ വ്യർത്ഥത എളുപ്പം ബോദ്ധ്യമാകും.
പുൽവാമയിൽ നടന്ന ഭീകര ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന ഇന്ത്യക്കാരുടെ പൊതുവികാരത്തിന് അനുകൂലമായിരുന്നു ലോക രാജ്യങ്ങളും. കഴിഞ്ഞയാഴ്ച യു.എൻ. രക്ഷാസമിതി യോഗത്തിലും പിന്നീട് യൂറോപ്യൻ യൂണിയൻ യോഗത്തിലുമൊക്കെ ഇന്ത്യയ്ക്ക് വേണ്ടുവോളം പിന്തുണയും ലഭിച്ചിരുന്നു. മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരന്നതും കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനു കരുത്തു പകർന്നു. തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരരുടെ താവളങ്ങൾ ഇല്ലാതാക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് പാകിസ്ഥാന് അശേഷം ബോദ്ധ്യമില്ലെന്നതിനു പ്രത്യേകിച്ച് തെളിവൊന്നും വേണ്ട. സൗഹൃദം കൊണ്ടോ സൗമനസ്യം കൊണ്ടോ ഭീകരതയെ തുരത്താനാവില്ലെന്ന് പണ്ടേ മനസിലായതാണ്. എന്നിട്ടും സഹിക്കാവുന്നതിലേറെ സഹിച്ചു. കാശ്മീരിനെ അശാന്തിയുടെ താഴ്‌വരയായി നിലനിറുത്തി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുക എന്നതാണ് പാകിസ്ഥാന്റെ നയം.
മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കേണ്ടിവരുമെന്നു പറഞ്ഞതുപോലെ ഭീകരരെ നേരിടാൻ ചിലപ്പോൾ വ്യവസ്ഥാപിതമല്ലാത്ത വഴികളും തേടേണ്ടിവരും. അധിനിവേശ പാകിസ്ഥാനിലെ താവളങ്ങളിൽ കഴിഞ്ഞ് ഇന്ത്യയ്ക്കെതിരെ നിരന്തരം ഒളിയാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര ഗ്രൂപ്പുകളെ തുടച്ചുനീക്കേണ്ടത് നമ്മുടെ ഭദ്രതയ്ക്കും സ്വാതന്ത്ര്യത്തിനും അനിവാര്യമാണ്. പ്രത്യാഘാതങ്ങൾ ഓർക്കാതെയാകില്ല ഇപ്പോഴത്തെ ഇന്ത്യൻ നടപടി. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഏത് പ്രത്യാക്രമണവും നേരിടാൻ തക്ക വിധം നമ്മുടെ സേനകൾ കരുത്തരാണ്. ഇത് മുന്നറിയിപ്പു മാത്രമായി കണ്ട് യുക്തമായ നടപടി എടുക്കുക മാത്രമാണ് പാകിസ്ഥാനെ സംബന്ധിച്ച് ഉചിത വഴി. പിഴച്ച പോക്ക് തുടരാൻ തന്നെയാണ് പാകിസ്ഥാന്റെ തീരുമാനമെങ്കിൽ കൂടുതൽ മാരകമായ തിരിച്ചടി നേരിടേണ്ടിവരുമെന്നുള്ളതിൽ സംശയമൊന്നുമില്ല.