01

ശ്രീകാര്യം: കാൽച്ചിലമ്പിന്റെയും പാലപ്പൂവിന്റെയും അകമ്പടിയോടെ സ്വൈരവിഹാരം നടത്തിയ ഹൈമവതിയെന്ന യക്ഷിയെ കുടിയിറക്കി. ഇനി മുതൽ ആ ഭൂമികയിൽ വിദ്യാർത്ഥികൾ സൗഹൃദം പങ്ക് വയ്ക്കും. കാര്യവട്ടം കാമ്പസിലെ ഹൈമവതിയെന്ന യക്ഷിയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഹൈമവതിക്കുളം വിദ്യാർത്ഥികൾക്കായി നാളെ തുറന്നുകൊടുക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാട് മൂടിക്കിടന്ന ചിറയും പരിസരവും വിദ്യാർത്ഥി സൗഹൃദ നോളജ് പാർക്കാക്കി മാറ്റാൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിൽ നിന്ന് 15 ലക്ഷം ചെലവഴിച്ച് ചിറയും പരിസരവും നവീകരിച്ചു. കുളത്തിന്റെ ദുരവസ്ഥ പരിഹരിക്കാനായി കാമ്പസ് അസോസിയേഷൻ വിദ്യാർത്ഥികളുടെ സഹായത്തോടെ മന്ത്രിക്ക് നിവേദനം നൽകിയതാണ് നവീകരണത്തിന് വഴിതെളിച്ചത്.പട്ടാപ്പകൽ പോലും ആരും കടന്നുചെല്ലാത്ത കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കൂടാതെ കേരള യൂണിവേഴ്സിറ്റി അധികൃതരും മറ്റ് ജനപ്രതിനിധികളും കാമ്പസിലെ വിദ്യാർത്ഥികളും നാട്ടുകാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും മാറ്റി

കുളത്തിന്റെ ആഴം വർദ്ധിപ്പിച്ചു, പാർശ്വ ഭിത്തി ബലപ്പെടുത്തി

മണ്ണ് ഒലിച്ചിറങ്ങുന്നത് തടയാനുള്ള സൗകര്യമൊരുക്കി

സമീപത്ത് നീന്തൽക്കുളത്തിന്റെ പണി പുരോഗമിക്കുന്നു

ക്യാപ്‌ഷൻ: നവീകരണം പൂർത്തിയായ കാര്യവട്ടം കാമ്പസിലെ ഹൈമവതിക്കുളം