തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന പ്രദേശമായ കവടിയാർ,വെള്ളയമ്പലം ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ആറ്രുകാൽ പൊങ്കാലയ്ക്ക് ശേഷമാണ് കുടിവെള്ളക്ഷാമം രൂക്ഷമായതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെല്ലാം സംഘടിച്ച് സമരം നടത്തിയിരുന്നു. അതിനുശേഷം വെള്ളം വരാൻ തുടങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും പഴയ അവസ്ഥയായി. ചില ഫ്ളാറ്രുകളിലേക്ക് വെള്ളം കൊടുക്കാൻ വേണ്ടി ഇവിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നിർത്തുകയാണ് എന്ന പരാതിയുണ്ട്.
പേരൂർക്കട ടാങ്കിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുപോയതിനാൽ ഇവിടേയ്ക്ക് വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വാൽവ് പ്രശ്നമാണെന്നും പൈപ്പിലെ മർദ്ദ വ്യത്യാസവുമൊക്കെയാണ് വാട്ടർ അതോ റിട്ടി ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. നാട്ടുകാർ വാട്ടർ അതോറിട്ടി എൻജീനിയർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
കുടിവെള്ളം ടാങ്കറിൽ എത്തിക്കാൻ ശ്രമിച്ചാലും ഇടുങ്ങിയ ഭാഗങ്ങളിലൂടെ കടന്നുപോവാൻ കഴിയില്ല. ഇവിടങ്ങളിൽ താമസിക്കുന്നവരാണ് ഏറ്റവും പ്രയാസമനുഭവിക്കുന്നത്. വലിയ കുപ്പികളിലും ക്യാനുകളിലും കുടിവെള്ളം വില കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പലരും. വേനൽക്കാലം രൂക്ഷമാകുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എന്തു ചെയ്യുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
പ്രതിഷേധിക്കേണ്ടിവരും
പൈപ്പിൽ ചോർച്ചയുണ്ടായാൽ പോലും സമയബന്ധിതമായി പരിഹാരം കാണാൻ ഇവിടത്തെ വാട്ടർ അതോറിറ്രി തയ്യാറല്ല.കൗൺസിലർ എന്ന നിലയിൽ എന്നെ വിളിച്ച് രൂക്ഷമായ രീതിയിലാണ് ജനങ്ങൾ സംസാരിക്കുന്നത് .മറുപടി പറയാൻ പറ്രാത്ത സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. ഈ നില തുടരുകയാണെങ്കിൽ രണ്ട് ദിവസം കൂടി കഴിഞ്ഞ് റോഡ് ഉപരോധം മുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
മുരളീധരൻ കെ
കൗൺസിലർ
കവടിയാർ