atl26fe

ആറ്റിങ്ങൽ: റോഡ് നിർമ്മാണത്തിലെ അപാകത കാരണം അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതി. വാമനപുരം കളമച്ചൽ പാതയിൽ ചെറിയ കണിച്ചോട് പ്രദേശത്താണ് റോഡ് വീതികൂട്ടൽ നടക്കുന്നത്. നല്ല വളവുള്ള സ്ഥലമാണിത്. ഇവിടെ ഒരു വശം പൂർത്തിയാക്കാതെ മറുവശം പണി ആരംഭിച്ചതാണ് പ്രശ്ങ്ങൾ കൂടുതൽ വഷളാക്കിയത്. റോഡു പണി നടക്കുന്നത് അറിയിക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും പണിക്കായുള്ള സാധനങ്ങൾ റോഡിൽ പകുതി വരെ ഇറക്കിയിട്ടിരിക്കുന്നതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും ആരും തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്. റോഡിൽ മെറ്റലും പാറയും മറ്റും ഇറക്കിയിട്ടിരിക്കുന്നത് കാണാതെ വരുന്ന വാഹനങ്ങൾ ഇതിൽ കയറി മറിഞ്ഞാണ് അപകടം ഉണ്ടാകുന്നത്. ഓട്ടോകളും ഇരുചക്ര വാഹനങ്ങളുമാണ് അപകടത്തിൽപെടുന്നതിലേറെയും. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ച് വാഹനാപകടമാണ് ഇവിടെ നടന്നത്. കരാറുകാരന്റെ ശ്രദ്ധക്കുറവും അവരെ നിയന്ത്രിക്കുന്നതിലുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.