ആണവബോംബിന്റെ പേരിൽ ഇടയ്ക്കിടെ മുക്രയിടുന്ന ശത്രുരാജ്യത്ത് കടന്നുകയറി അതിമാരകമായി പ്രഹരിക്കുക. പ്രഹരമേറ്റ ശത്രുരാജ്യമാകട്ടെ, ഇനി എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പവുമായി മല്ലിടുക! ഒരു സൈനികദൗത്യം മഹാവിജയമായി മാറുമ്പോൾ സംഭവിക്കുന്നതാണ് ഇങ്ങനെ ഒരു അവസ്ഥാവിശേഷം.
അതിർത്തി കടന്നെത്തിയ ഇന്ത്യൻ പോർവിമാനങ്ങളെ തുരത്തിയെന്ന് ക്ഷീണത്തിന്റെ മുഹൂർത്തത്തിൽ വീമ്പിളക്കിയ പാകിസ്ഥാന് മുന്നിൽ ഇനി രണ്ടു മാർഗങ്ങളേയുള്ളൂ. ഒന്ന് : ഇന്ത്യൻ വിമാനങ്ങളെ തുരത്തിയെന്ന് വീമ്പിളക്കിയത് ഉപ്പ് തൊടാതെ വിഴുങ്ങി, ആക്രമണമേ നടന്നിട്ടില്ലെന്ന് ഭാവിക്കുക. രണ്ട് : കിട്ടിയത് മാരക പ്രഹരമാണെന്ന് സമ്മതിക്കുമാറ് വൻശക്തികളുടെ ഇടപെടൽ പ്രതീക്ഷിച്ച് പ്രത്യാക്രമണത്തിന് കോപ്പുകൂട്ടുകയോ ആണവാക്രമണഭീഷണി മുഴക്കുകയോ ചെയ്യുക. രണ്ടിൽ ഏത് മാർഗം സ്വീകരിച്ചാലും ശരി, പാക്ജനതയുടെ ബുദ്ധിശക്തിയുടെ നേർക്കായിരിക്കും വെളുവിളി.
ഒറ്റയടിക്ക് ഇന്ത്യ രണ്ടും സാദ്ധ്യമാക്കിയത് എങ്ങനെയെന്ന് അറിയാൻ തന്ത്രങ്ങൾ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്. അമേരിക്കയ്ക്ക് എല്ലാം മുൻകൂട്ടി അറിയാൻ സാധിക്കുമെന്ന ഗർവോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്ന് ദിവസം മുമ്പാണ് പരസ്യമായി പ്രഖ്യാപിച്ചത്, ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുമെന്നും സ്ഥിതി അപകടകരമാണെന്നും. മൂന്ന് ദിവസം മുമ്പ് തന്നെയാണ്, കാശ്മീരിലെ 27 അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചതും 10,000 അർദ്ധസൈനികരെ കൂടി കാശ്മീരിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചതും. ഇന്ത്യൻ പ്രഹരം ആസന്നമാണെന്ന് മനസിലാക്കാൻ ട്രംപിന്റെ മുന്നറിയിപ്പും ഇന്ത്യൻ സന്നാഹവും മാത്രം മതിയായിരുന്നു. പക്ഷേ, ഇന്നലെ വെളുപ്പിന് ഇന്ത്യൻ പോർ വിമാനങ്ങൾ ഒരു ടൺ ഭാരമുള്ള സ്മാർട്ട് ബോംബുകളുമായി വേട്ടയ്ക്ക് ഇറങ്ങിയപ്പോൾ ചെറുക്കാനോ തിരിച്ചടിക്കാനോ പാക്‌സേനയുടെ ഭാഗത്ത് ഒരു തയ്യാറെടുപ്പുമുണ്ടായിരുന്നില്ല ! ആദ്യം പരിശോധിക്കേണ്ടത് പാക്‌സേനയുടെ പ്രതിരോധശ്രമത്തെ നിർവീര്യമാക്കിയ തന്ത്രമാണ്.
തന്ത്രം 1; ബസ് സർവീസ്
ശ്രീനഗറിൽ നിന്ന് പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സർവീസുണ്ട്. 'സമാധാന ശകടം' എന്നാണ് വിളിപ്പേര്. പുൽവാമയിൽ 40 അർദ്ധസൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഈ ബസ് സർവീസ് നിറുത്തിവച്ചിരുന്നു. സംഘർഷം മൂർച്ഛിക്കവെ, ബസ് സർവീസ് അടുത്ത കാലത്തൊന്നും പുനരാരംഭിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബസ് സർവീസ് പുനരാരംഭിക്കുകയുണ്ടായി ! സമാധാനശകടം വീണ്ടും എത്തിയത് ഇന്ത്യയുടെ തിരിച്ചടി ഉടനുണ്ടാവില്ലെന്നതിന്റെ സൂചനയായി പാക് സൈനിക തന്ത്രജ്ഞർ കണ്ടുകാണണം. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക് താവളങ്ങളിൽ സൈനികർ സുഖമായി ഉറങ്ങിയിട്ടുമുണ്ടാവണം. എന്തായാലും, 24 മണിക്കൂർ കഴിയും മുമ്പ് ഇന്ത്യൻ പോർവിമാനങ്ങൾ നിയന്ത്രണരേഖ കടന്നുചെന്ന് മാരകപ്രഹരം നടത്തി. അതും സമാധാനശകടം മണിക്കൂറുകൾക്ക് മുമ്പ് എത്തിച്ചേർന്ന മുസഫറാബാദിന്റെ സമീപപ്രദേശങ്ങളിലും ബലാകോട്ടിലും.
തന്ത്രം 2 ; വെളുപ്പിന് 3.30
ലോകത്ത് എവിടെയും സൈനികരുടെ കണ്ണും കാതും ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് വെളുപ്പിന് 2 മണിക്ക് ശേഷമാണ്. വിശേഷിച്ച്, ശത്രുവിൽ നിന്നുള്ള ഭീഷണി കുറഞ്ഞുവെന്ന് തോന്നിയാൽ. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാൻ അമേരിക്കയുടെ മിഡ്‌വേ നാവികത്താവളം ആക്രമിച്ചതും ബ്രിട്ടീഷ് വ്യോമസേന ഫാക്ക് ലാൻഡ് ആക്രമണം അഴിച്ചുവിട്ടതുമൊക്കെ പുലർകാല നിദ്രയുടെ ആലസ്യം സൈനികതാവളങ്ങളെ പിടികൂടുന്ന വേളയിലായിരുന്നു.
ബസ് സർവീസ് പുനരാരംഭിച്ചതിലൂടെ പാക് സേനയുടെ ജാഗ്രതയുടെ കാറ്റഴിച്ച് വിട്ട് ഇന്ത്യൻ സേന സമയത്തിന്റെ തന്ത്രപ്രാധാന്യവും പ്രയോജനപ്പെടുത്തിയെന്ന് വേണം കരുതാൻ. ഇന്ത്യൻ പോർവിമാനങ്ങൾ 20 മിനിട്ടിനകം ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ട്. റാവൽപിണ്ടിയിലെയോ കമ്രയിലെയോ താവളത്തിൽ നിന്നാവണം പാക് പോർവിമാനങ്ങളെ നിയോഗിച്ചത്. മുസഫറാബാദിന് തൊട്ടടുത്തല്ല രണ്ടു താവളങ്ങളും. ബാലാകോട്ടിൽ ആക്രമണം പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. 20 മിനിട്ടിനകം ഇന്ത്യൻ പോർവിമാനങ്ങൾ മടങ്ങിയെന്നിരിക്കെ, പാക് പോർവിമാനങ്ങളുമായി ഒരു 'മുഖാമുഖ'ത്തിന് സാദ്ധ്യതയില്ല. ഏറ്റുമുട്ടലിന് വഴിവയ്ക്കുമായിരുന്ന 'മുഖാമുഖം' ഒഴിവായതും തന്ത്രപരമായ ഒരു വിജയമാണ്. പാക് സേനയെ കടന്നാക്രമിച്ചുവെന്ന പേരുദോഷം ഒഴിവായി. പാകിസ്ഥാന് മുഖം രക്ഷിക്കാനുമായി.
തന്ത്രം 3; വൻ വ്യോമവ്യൂഹം
ശത്രുരാജ്യത്ത് കടന്നുകയറി ആക്രമിക്കുന്നത് ഒരു യുദ്ധകാഹളം പോലെയാണ്. ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരമുള്ള വൻശക്തികൾ മാത്രമേ ഈ രീതിയിൽ പ്രഹരിക്കാറുള്ളൂ. ഇന്ത്യൻ പോർവിമാനങ്ങളെ ചെറുക്കാൻ പാക് വ്യോമസേന ഒരുമ്പെടുകയും ആകാശത്ത് ഒരു 'ഡോഗ് ഫൈറ്റ് ' നടക്കുകയും ചെയ്തിരുന്നുവെങ്കിൽ യുദ്ധം അനിവാര്യമായി മാറുമായിരുന്നു.
എന്നാൽ, ചെറുക്കാനുള്ള മനോവീര്യം ചോർത്തിക്കളയുമാറ് വലിയ ഒരു വ്യോമവ്യൂഹമാണ് പാകിസ്ഥാനിൽ പ്രഹരത്തിന് എത്തിയത്. പാകിസ്ഥാന്റെ മൂന്ന് പോർവിമാനങ്ങൾ ആക്രമണത്തെ ചെറുക്കാൻ പറന്നുയർന്നുവെന്നും എന്നാൽ ഇന്ത്യൻ വ്യോമവ്യൂഹത്തിന്റെ വലിപ്പം മനസിലാക്കി വന്നതിലും വേഗത്തിൽ പിന്തിരിഞ്ഞുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഫലത്തിൽ, യുദ്ധസാദ്ധ്യത അലസുകയായിരുന്നു.
തന്ത്രം 4; ജയ്ഷെ മുഹമ്മദ്
ജയ്ഷെ മുഹമ്മദിന്റെ മുഖ്യപരിശീലന ക്യാമ്പാണ് വ്യോമപ്രഹരത്തിൽ പ്രധാനമായും തകർത്തതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വി.കെ. ഗോഖലെ വ്യക്തമാക്കിയിട്ടുണ്ട്. എരിവും പുളിയും കൂട്ടാനായി എല്ലാ ഭീകര ഗ്രൂപ്പുകളെയും ശരിപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. ഇതും തന്ത്രപരമായാണെന്ന് വേണം കരുതാൻ.
പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ 'ജയ്ഷെ മുഹമ്മദ് ' പാക് സിവിലിയൻ ഭരണകൂടത്തിന്റെയും കണ്ണിലെ കരടാണ്. ഇന്ത്യയ്ക്കെതിരെ ഏത് കുറ്റിച്ചൂല് കിട്ടിയാലും ഉപയോഗിക്കുന്ന പാക് ചാരസംഘടനയായ ഐ.എസ്.ഐ ഈ ഭീകരഗ്രൂപ്പിനോടും മമത കാട്ടാറുണ്ട്. എന്നാൽ, അനുസരണ ഒട്ടും ഇല്ലാത്തതിനാൽ പാക് സൈനിക നേതൃത്വത്തിന് അത്ര ഇഷ്ടമല്ല.
'ലഷ്കറെ തയ്ബ'യാണ് പാക്സേനയ്ക്ക് പ്രിയപ്പെട്ട ഭീകരസംഘടന. ജയ്ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചാൽ പാക് സേനയ്ക്ക് നോവില്ലെന്ന് അർത്ഥം. ജയ്ഷ് പരിശീലന ക്യാമ്പിലെ 300 ഓളം കുട്ടിഭീകരർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികറിപ്പോർട്ട്. പാക് അധികൃതർ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല. അംഗീകരിച്ചാലാണല്ലോ തോൽവി. അധിനിവേശ കാശ്മീരിൽ നിന്ന് പാക് സേന റിക്രൂട്ട് ചെയ്ത നൂറ് കണക്കിന് കാലാൾഭടന്മാർ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിലെ തോൽവിയുടെ ആഴം മറച്ചുവയ്ക്കാനുള്ള ബദ്ധപ്പാടിൽ പാകിസ്ഥാൻ ഇന്ന് വരെ അവരുടെ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.
യുദ്ധത്തിലോ പ്രഹരത്തിലോ വിജയിക്കുന്നത് ആയുധശക്തി മൂലമല്ല. അസാധാരണബുദ്ധിയും അസാമാന്യധീരതയുമാണ് വിജയത്തിന് പ്രധാനമായും ആധാരം. ഇന്ത്യൻ വ്യോമസേനയുടെ പ്രഹരത്തിൽ തെളിഞ്ഞ് കാണാൻ കഴിയുന്നത് ഇത് രണ്ടുമാണ്. അതിനാലാണ് ഇന്ത്യൻ സേനയുടെ തിളക്കം ഒന്നുകൂടി വർദ്ധിപ്പിച്ചുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത്.