തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനാക്കുമെന്ന് മന്ത്റി കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ എൻജിനിയറിംഗ് കോളജുകളിലും അഞ്ച് ശതമാനം സീറ്റുകളിൽ സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്ന മികവുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം ഉറപ്പാക്കും. എല്ലാ സർവകലാശാലകളിലെയും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്ക് ഏകീകൃത കലണ്ടർ കൊണ്ടുവരും. മാറ്റിവയ്ക്കുന്ന പരീക്ഷകൾ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ നടത്താനും ധാരണയായി.
ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കായി വളാഞ്ചേരി, കായംകുളം, കണ്ണനല്ലൂർ, പട്ടാമ്പി, മട്ടാഞ്ചേരി, പേരാമ്പ്ര, തലശേരി എന്നിവിടങ്ങളിൽ പി.എസ്.സി, യു.പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഈ വർഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.