തിരുവനന്തപുരം: കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി മാർച്ച് നാലിന് ലോക്‌സഭ സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തും. ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നൽകുന്ന സാദ്ധ്യതാ പാനലുകൾ മുൻനിറുത്തിയാവും ചർച്ച. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര നാളെ സമാപിക്കുന്നതോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് സാദ്ധ്യതാപാനലുകൾ തയ്യാറാക്കാനാണ് നിർദ്ദേശം. മാർച്ച് നാലിനു മുമ്പായി ഇത് കെ.പി.സി.സിക്കു നൽകണം. പാനലുകളിൽ ഉൾപ്പെടുത്തുന്ന പേരുകൾ യാഥാർത്ഥ്യബോധവും പ്രായോഗികതയും ഉൾക്കൊള്ളിച്ചുള്ളതാവണമെന്നും സംസ്ഥാന നേതൃത്വം കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നോ നാലോ ഏറിയാൽ അഞ്ച് പേരുള്ള പട്ടികയാണ് നൽകേണ്ടത്. ഇതിൽ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് സമിതി സാദ്ധ്യതാപാനൽ തയ്യാറാക്കി ഹൈക്കമാൻഡിന് സമർപ്പിക്കുക. ഇതിനു പുറമേ ഹൈക്കമാൻഡ് സ്വകാര്യസർവേ നടത്തുമെന്നും സൂചനയുണ്ട്.
വനിതാ, യുവജന പ്രാതിനിദ്ധ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇതുകൂടി കണക്കിലെടുത്തുള്ള പാനലുകളാവണം ഡി.സി.സികൾ സമർപ്പിക്കേണ്ടത്. സിറ്റിംഗ് എം.പിമാരുടെ മണ്ഡലങ്ങളിൽ അവരുടേത് തന്നെയാകും ഒന്നാം പേര്. തിരുവനന്തപുരത്തേക്ക് ഡി.സി.സി സമർപ്പിക്കുന്ന പട്ടികയിൽ ശശി തരൂരിന്റെ പേര് മാത്രമേ ഉൾപ്പെടുത്തൂ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, വയനാട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലേക്കാണ് പ്രധാനമായും പുതിയ പേരുകളെത്താൻ സാദ്ധ്യത. ഇതിൽ വയനാട്, കണ്ണൂർ, വടകര, പാലക്കാട്, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ കൂടുതൽ പേർ സീറ്റ് മോഹവുമായി രംഗത്തുണ്ട്. ജയപ്രതീക്ഷ കുറവായ മണ്ഡലങ്ങളിലേക്ക് വനിതകളെ പരിഗണിക്കുന്ന പതിവ് രീതി പറ്റില്ലെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മനസിലിരിപ്പ് തേടി മുകുൾവാസ്നിക്
സ്ഥാനാർത്ഥി ചർച്ചകൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾവാസ്നിക് തലസ്ഥാനത്തും കൊച്ചിയിലുമായി വിവിധ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഓരോ മണ്ഡലത്തിലും ആ മേഖലയിലുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ച് മനസിലിരിപ്പ് അറിയുകയായിരുന്നു ലക്ഷ്യം. പല മുതിർന്ന നേതാക്കളും അവരുടെ മനസിലുള്ള പേരുകൾ മുകുൾ വാസ്നിക്കിനോട് പങ്കുവച്ചതായി സൂചനയുണ്ട്.