map

തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയ സാഹചര്യത്തിൽ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്‌ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമ കമാൻഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊർജ്ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റർ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. പാകിസ്താനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാൽ മണിക്കൂർ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ ദക്ഷിണ വ്യോമ കമാൻഡിൽ എയ്‌റോസാറ്റ് റഡാർ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്‌മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങൾ, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകൾ, ബൂം- ബാരിയറുകൾ, ട്രോളിവീൽ റോഡ് ബാരിയറുകൾ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാൻഡിലുള്ളത്. രാപകൽ നിരീക്ഷണത്തിന് 700 ടെലിവിഷൻ ലെൻസ് (ടി.വി.എൽ) ശേഷിയുള്ള കാമറാ സംവിധാനമാണ് വ്യോമ താവളത്തിൽ.

നാവികസേനയും തീര സംരക്ഷണ സേനയും സമുദ്ര പട്രോളിംഗ് ആരംഭിച്ചു. മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് എത്തിയത് കടൽമാർഗമായതിനാൽ കേരളം ഉൾപ്പെടെ കടലോര സംസ്ഥാനങ്ങളിൽ കേന്ദ്രം അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിൽ

അതീവ ജാഗ്രത

തിരുവനന്തപുരം വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി. വിമാന റാഞ്ചൽ ഭീഷണിസാദ്ധ്യത പരിഗണിച്ച് കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ്മ സേനയെയും നിയോഗിച്ചു. വിമാനത്താവളത്തിന്റെ 13 കിലോമീറ്റർ ചുറ്റളവിൽ സായുധ സുരക്ഷയുണ്ട്. എക്സ്-റേ പരിശോധനയ്ക്കു പുറമേ നാലു തലങ്ങളിലായി യാത്രക്കാരെ പരിശോധിക്കും. നിലവിലെ റഡാറിനു പുറമേ ഉപഗ്രഹാധിഷ്‌ഠിത ഓട്ടോമാറ്റിക് ഡിപ്പന്റൻഡ് സർവൈലൻസ് ബ്രോഡ്കാസ്‌റ്റ് സംവിധാനവും സജ്ജം.