പാലോട് : വന്യമൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെപ്പറ്റി പഠിക്കുന്ന പാലോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിന്റെ ഗവേഷണ രംഗം കൂടി വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി അത്യന്താധുനിക സൗകര്യങ്ങളോടെ വൈൽഡ് ലൈഫ് സയൻസ് മന്ദിരം സജ്ജമാക്കിക്കഴിഞ്ഞു. മൃഗങ്ങളിലെ രോഗ നിർണയത്തിനും പഠന ഗവേഷണത്തിനും തുടർ ചികിത്സയ്ക്കും വേണ്ടിയാണ് പുതിയ സംവിധാനം. സംസ്ഥാന സർക്കാരിന്റെ കീഴിൽ മൃഗസംരക്ഷണ വകുപ്പിന്റെ റഫറൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയായി പ്രവർത്തിക്കുന്ന ഇവിടെ രോഗനിർണയത്തിനായി
സാങ്കേതികത്തികവുള്ള പത്തോളജി, മൈക്രോ ബയോളജി, പാരാസൈറ്റോളജി, ടോക്സിക്കോളജി, ബയോടെക്നോളജി എന്നീ വിഭാഗങ്ങളുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലെ ക്ലിനിക്കൽ ലാബുകൾ, റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു പുറമേ ഇവിടങ്ങളിലെ സാങ്കേതികവിദ്യാ പരിഷ്കരണം, മാനവവിഭവശേഷി വികസനം, പരിശീലനം തുടങ്ങിയവയും നടപ്പാക്കുന്നുണ്ട്. രണ്ട് വർഷം കൊണ്ട് ദ്രുതഗതിയിൽ പണി പൂർത്തിയാക്കിയ മന്ദിരം നാളെ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസിന്റെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിന്റെ റിലീസിംഗും, സിയാഡ് ക്രോണിക്കിൾ എന്ന പുസ്തക പ്രകാശനവും, വൈൽഡ് ലൈഫ് മ്യൂസിയത്തിന്റെയും ഇ- ഓഫീസ് ആൻഡ് വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളുടെ ഉദ്ഘാടനവും നടക്കും. ഡോ.എ സമ്പത്ത് എം.പി, എം.എൽ.എ ഡി.കെ. മുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖർ, ഗവേഷകർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.