killi

തിരുവനന്തപുരം : മാലിന്യം നിറഞ്ഞ കിള്ളിയാറിനെ തെളിനീരാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് കിള്ളിയാറിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റമായി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടന്ന ശുചീകരണത്തിൽ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ പങ്കാളികളായി. വഴയില മുതൽ കല്ലടിമുഖം വരെയുള്ള 13.5 കിലോമീറ്റർ ദൂരത്തെ 14 ഭാഗങ്ങളായി തിരിച്ചാണ് വൃത്തിയാക്കിയത്. കിള്ളിയാറിന്റെ ഇരുകരകളിലുമായി മനുഷ്യർക്ക് എത്തിപ്പെടാൻ പറ്റുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി. 65 ലോഡ് മാലിന്യമാണ് വിവിധമേഖലകളിൽ നിന്നായി ശേഖരിച്ചത്. പ്ലാസ്റ്റിക്, ചില്ല് മാലിന്യങ്ങൾ, തുണി, മരക്കൊമ്പ്, ലോഹങ്ങൾ എന്നിവ തരംതിരിച്ചാണ് നീക്കം ചെയ്തത്. മദ്യക്കുപ്പികൾ, സാനിട്ടറി നാപ്കിനുകൾ, തെർമ്മോക്കോൾ,വർക്ക്‌ഷോപ്പ് വേസ്റ്റുകൾ എന്നിവയാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും.

ഒരേ സമയം 14 കേന്ദ്രങ്ങളിൽ തുടക്കം

വഴയില മുതൽ കല്ലടിമുഖം വരെയുള്ള നഗരമേഖലയെ 14 കേന്ദ്രങ്ങളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. ശുചീകരണപരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം കിള്ളിപ്പാലത്ത് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കിള്ളിയാർ പുനരുജ്ജീവന പരിപാടിയുടെ അടുത്ത ഘട്ടത്തിൽ കിള്ളിയാറിനെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. പുഷ്‌പലത എന്നിവർ പങ്കെടുത്തു.
ജഗതിയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ പങ്കെടുത്തു. പൂജപ്പുര മുട്ടക്കടവിൽ ഹരിതകേരളം മിഷൻ വൈസ് ചെയപേഴ്സൺ ഡോ ടി.എൻ. സീമ ശുചീകരണത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുദർശൻ പങ്കെടുത്തു. ശാസ്‌തമംഗലത്ത് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു പങ്കെടുത്തു. ആറ്റുകാൽ പാടശ്ശേരി പാലത്തിൽ ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി ജ്യോതിഷ് പങ്കെടുത്തു. കവടിയാർ കാടുവെട്ടി അണയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. നഗരസഭാ അഡി. സെക്രട്ടറി കെ. ഹരികുമാർ പങ്കെടുത്തു. നെട്ടയം മണികണ്ഠേശ്വരം പാലത്തിനു സമീപം ബി.ജെ.പി നഗരസഭാ കക്ഷി നേതാവ് എം.ആർ. ഗോപൻ, കാഞ്ഞിരംപാറ തൊഴുവൻകോട് പാലത്തിന് സമീപം ജി.ആർ. അനിൽ, കാലടി ചിറപ്പാലത്ത് ശുചിത്വമിഷൻ എക്സി. ഡയറക്ടർ അജയകുമാർ വർമ്മ, പാങ്ങോട് മരുതൻകുഴി ജംഗ്ഷനിൽ ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ, കല്ലടിമുഖത്ത് കവി പ്രൊഫ. വി. മധുസൂദനൻ നായർ, വഴയിലയിൽ കവി മുരുകൻ കാട്ടാക്കട, പേരൂർക്കട മണ്ണാമ്മൂലയിൽ കൗൺസിലർ ആർ.പി. ശിവജി, വലിയശാല മൈലാടിക്കടവിൽ മുൻ മേയർ

സി. ജയൻബാബു എന്നിവർ ശുചീകരണത്തിന് തുടക്കം കുറിച്ചു.

മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിച്ച വാഹനങ്ങൾ

 6 ജെ.സി.ബി

 2 മിനി പ്രൊക്ലയിനർ

10 ലോറികൾ

12 പിക്ക് അപ് ആട്ടോ

ശുചീകരണത്തിൽ പങ്കാളികളായവർ

നഗരസഭ ശുചീകരണത്തൊഴിലാളികൾ

 ആരോഗ്യ വിഭാഗം ജീവനക്കാർ

സി.ആർ.പി.എഫ്

ബി.എസ്.എഫ് ജവാൻമാർ

പൊലീസുകാർ

തൊഴിലാളി സംഘടനകൾ

രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങൾ

സന്നദ്ധപ്രവർത്തകർ

കുടുംബശ്രീ പ്രവർത്തകർ

തൊഴിലുറപ്പു തൊഴിലാളികൾ

എൻ.എസ്.എസ് വോളന്റിയർമാർ

വിദ്യാർത്ഥികൾ

ഗ്രീൻ ആർമി പ്രവർത്തകർ

റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ

വ്യാപാരി വ്യവസായികൾ

പൊതിച്ചോറുമായി വിദ്യാർത്ഥികൾ
മെഗാ ക്ലീനിംഗിൽ പങ്കെടുത്തവർക്ക് നഗരത്തിലെ 51 സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഉച്ചഭക്ഷണമൊരുക്കിയത്. നഗരസഭയുടെ അഭ്യർത്ഥന പ്രകാരം കുട്ടികൾ ഇന്നലെ രാവിലെ പ്രത്യേകമായി കൊണ്ടുവന്ന പൊതിച്ചോറുകൾ സ്‌കൂളുകളിൽ നിന്ന് ഹെൽത്ത് സർക്കിൾ അടിസ്ഥാനത്തിൽ ശേഖരിച്ചാണ് വിതരണം ചെയ്തത്. 20000 പൊതിച്ചോറാണ് നഗരത്തിലെ സ്കൂളുകളിൽ നിന്ന് ലഭിച്ചത്. അധികം വന്ന പൊതിച്ചോറുകൾ മെഡിക്കൽകോളേജ്, എസ്.എ.ടി ആശുപത്രിയിലെ രോഗികൾക്ക് കൈമാറി.

വിദേശികൾക്കും ആവേശമായി മെഗാ ക്ളീനിംഗ് !

കിള്ളിയാറിനായുള്ള ഒരു ജനതയുടെ മുന്നേറ്റം കാണാൻ വിദേശികളുമെത്തി. ലോകമാകെ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രചാരണത്തിൽ ഏർപ്പെട്ട കാലിഫോർണിയയിലെ റിച്ചാർഡ് ആന്റണി, ആബി റൂത്ത് എന്നിവരാണ് കിള്ളിയാർ ദൗത്യം കാണാൻ തലസ്ഥാനത്തെത്തിയത്. സീറോ വേസ്റ്റ് ഇന്റർ നാഷണൽ അലയൻസിന്റെ പ്രവർത്തകരായ ഇരുവരും ഹൈദരാബാദിൽ ശുചീകരണ ദൗത്യം എങ്ങനെ വേണമെന്ന ക്ലാസ് എടുക്കാനെത്തിയപ്പോഴാണ് കേരളത്തിലെ പുഴകളുടെ വീണ്ടെടുപ്പും ഹരിത കേരള മിഷനെയും കുറിച്ച് അറിയുന്നത്. നഗരത്തിലെത്തിയ സംഘം കിള്ളിയാർ ദൗത്യം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. രാവിലെ മുതൽ കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം പുഴയിൽ ശുചീകരണ പ്രവർത്തനങ്ങൾ വീക്ഷിച്ചു. ടൺകണക്കിന് മാലിന്യം മടികൂടാതെ ജനങ്ങൾ ഒന്നിച്ചു നീക്കം ചെയ്യുന്ന കാഴ്ച മാറുന്ന ശുചിത്വ മനോഭാവത്തിന്റെ തെളിവാണെന്നും പ്രാദേശിക സർക്കാരിനൊപ്പം ജനങ്ങളെല്ലാം ഒന്നായി ശുചീകരണയജ്ഞത്തിൽ മുഴുകുന്നത് ആവേശകരമായ അനുഭവമാണെന്നും ഇരുവരും പറഞ്ഞു.

 പതിനയ്യായിരത്തിലധികം പേർ ശുചീകരണത്തിൽ പങ്കെടുത്തെന്നാണ് പ്രാഥമിക കണക്ക്

65 ലോഡ് മാലിന്യമാണ് വിവിധമേഖലകളിൽ നിന്നായി നീക്കം ചെയ്തത്

20000 പൊതിച്ചോറാണ് നഗരത്തിലെ സ്കൂളുകളിൽ നിന്ന് ലഭിച്ചത്

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടന്നത് ശ്രമകരമായ ദൗത്യം

51 സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഉച്ചഭക്ഷണമൊരുക്കിയത്