കിളിമാനൂർ: പരാലിസിസ് രോഗിയുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറിലിടിച്ച് രോഗി മരിച്ചു. ആംബുലൻസിലെ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ചിതറ അജി ഭവനിൽ നളിനി (71) ആണ് മരിച്ചത്. രോഗിയായ നളിനിയേയുംകൊണ്ട് തിങ്കളാഴ്ച ഉച്ചയോടെ ചിതറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ആംബുലൻസ്. കിളിമാനൂർനിന്ന് നിലമേലേക്കുപോയ കാറിൽ ശില്പ ജംഗ്ഷനിൽവച്ച് ആംബുലൻസ് ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ആംബുലൻസ്. പരിക്കേറ്റ നളിനിയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചയോടെ മരിച്ചു.