തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജഗതി സഹകരണ ഭവനിൽ നിർവഹിച്ചു. എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേസമയം താക്കോലുകൾ കൈമാറി. തിരുവനന്തപുരത്ത് 16 പേർക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ ലഭിച്ചത്. ഏപ്രിലോടെ 2000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും അത് കഴിഞ്ഞ് 2000 വീടുകൾ കൂടി നിർമിച്ചു നൽകുമെന്നും അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി ഇ. ദേവദാസൻ, വി. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. 5 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. മൂന്നുമാസം കൊണ്ടാണ് 231 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.