തിരുവനന്തപുരം: മാസ്റ്റർ പ്ളാൻ ഉൾപ്പെടെ 717.29 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. ആർദ്രം പദ്ധതി, മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലബോറട്ടറി, വിദ്യാർത്ഥിനികളുടെ പാർപ്പിട സമുച്ചയം, സ്‌കിൽ ലാബ്, ശലഭം, സൂപ്പർസോണിക്ക് ഷിയർവേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കൽ ഫിസിയോളജി യൂണിറ്റ്, ബാസ്‌കറ്റ്‌ബാൾ കോർട്ട്, കവിട്രോൺ അൾട്രാസോണിക് സർജിക്കൽ ആസ്‌പിറേറ്റർ എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രി ലോകോത്തര നിലവാരത്തിലേക്ക് മാറുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരു താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അവർ പറഞ്ഞു. രാജ്യത്തെ പൊതുജനാരോഗ്യം ഏറെ ദുർബലമായ അവസ്ഥയിലും കേരളം മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു,​ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി,​ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു, ഇൻകൽ ചീഫ് എൻജിനിയർ പ്രേംകുമാർ ശങ്കരപ്പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.