തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് 1000 ദിവസങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികൾക്ക് ഇന്ന് സമാപനം. ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകൾ കഴിഞ്ഞ ആയിരം ദിനങ്ങൾക്കിടെ നടത്തിയ വികസന ക്ഷേമ പദ്ധതികളുടെ പ്രദർശനം, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കും ഇന്ന് സമാപനമാകും.
സമാപന സമ്മേളനത്തിനു മുന്നോടിയായി വൈകിട്ട് 3.30 മുതൽ ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ദ്രാവിഡ ബാൻഡ് സംഗീത പരിപാടി അരങ്ങേറും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വി.എസ്. ശിവകുമാർ എം.എൽ.എ, എം.പിമാരായ എ. സമ്പത്ത്, ഡോ. ശശി തരൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറു മുതൽ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സമഭാവന എന്ന സാംസ്‌കാരിക പരിപാടി അരങ്ങേറും. എഴുത്തച്ഛൻ മുതൽ ഒ.എൻ.വി. കുറുപ്പ് വരെയുള്ള കാവ്യാചാര്യന്മാരുടെ കാവ്യാക്ഷരങ്ങളെ 30 കേരളീയ കലകളിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണിത്.