real-madrid-barcelona-el-
real madrid barcelona el clasico

സ്പാനിഷ് ഫുട്ബാളിന് മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകർക്ക് എന്നും ആവേശം പകരുന്ന ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള എൽക്ളാസിക്കോകൾ. ഈയാഴ്ച ഒന്നല്ല, രണ്ടുതവണയാണ് ഇരു ക്ളബുകളും ഏറ്റുമുട്ടുന്നത്. സ്പാനിഷ് കിംഗ്സ് കപ്പിലും ലാലിഗയിലുമാണ് ഈ വമ്പൻ പോരാട്ടങ്ങൾ. അതിൽ ആദ്യത്തേതാണ് ഇന്ന് രാത്രി റയൽമാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്നത്. കിംഗ്സ് കപ്പിന്റെ രണ്ടാംപാദ സെമിഫൈനൽ.

1-1

ഈ മാസം ആറിന് ബാഴ്സലോണയുടെ തട്ടകമായ നൗകാംപിൽ നടന്ന ആദ്യപാദ സെമിഫൈനലിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ബാഴ്സലോണയ്ക്കുവേണ്ടി 57-ാം മിനിട്ടിലും മൽക്കോമും റയലിനു വേണ്ടി ആറാം മിനിട്ടിൽ മസ്കേസുമാണ് സ്കോർ ചെയ്തത്.

ഇന്ന് ഗോൾ രഹിത സമനിലയാണെങ്കിൽ റയൽമാഡ്രിഡിന്റെ എവേഗോൾ മികവിൽ സെമിയിലെത്താം.

ടീം ന്യൂസ്

സെവിയ്യയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ലയണൽ മെസിയാണ് ബാഴ്സലോണ നിരയിലെ സൂപ്പർതാരം. മെസിയുടെ കരിയറിലെ 50-ാമത്തെ ഹാട്രിക്കായിരുന്നു. ഇത്.

ലൂയിസ് സുവാരേസ്, ഇവാൻ റാക്കിറ്റിച്ച് തുടങ്ങിയവർ മെസിക്ക് കരുത്തുപകരുവാനായി ഉണ്ടാകും.

പരിക്കിൽ നിന്ന് മോചിതനായ ഡിഫൻഡർ സാമുവൽ ഉമിറ്റിറ്റി പ്ളേയിംഗ് ഇലവനിൽ തിരിച്ചെത്തും. മൂന്നുമാസത്തിനു ശേഷമാണ് ഉമിറ്റിറ്റി കളിക്കാനിറങ്ങുന്നത്.

മിഡ്ഫീൽഡർ ആർതർ പരിക്കുമൂലം പുറത്തിരിക്കും.

ഒരു മത്സര വിലക്കുള്ളതിനാൽ നായകൻ സെർജിയോ റാമോസ് ഇല്ലാതെയാകും റയൽ ഇറങ്ങുക.

നടുവിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ ഇസ്കോയും റയൽ നിരയിലുണ്ടാകില്ല.

ബെൻസേമ, ലൂക്കാമൊഡ്രിച്ച്, വിനീഷ്യസ്, വസ്കേസ് തുടങ്ങിയവരാകും റയലിന്റെ കരുത്ത്.

കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരനായിറങ്ങിയ ബെയ്ൽ ഇന്നും ഫസ്റ്റ് ഇലവനിൽ ഉറപ്പില്ല.

274

ബാഴ്സയും റയലും തമ്മിലുള്ള 274-ാമത്തെ മത്സരമാണിത്. ഇതിൽ 113 മത്സരങ്ങളിൽ വിജയിച്ചത് ബാഴ്സലോണ. റയൽ 99 മത്സരങ്ങൾ വിജയിച്ചു. 61 എണ്ണം സമനിലയിലായി.

5-1

കഴിഞ്ഞ സെപ്തംബറിൽ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ 5-1ന് വിജയിച്ചിരുന്നു. ഇതേത്തുടർന്നാണ് റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തുനിന്ന് യുലെൻ ലൊപ്ടേഗുയിയെ പുറത്താക്കിയത്.

2015

ന് ശേഷം എൽക്ളാസിക്കോകളിൽ കൂടുതൽ വിജയം നേടിയത് ബാഴ്സലോണയാണ്.

കിക്കോഫ്

രാത്രി 1.30 മുതൽ