india-australia-t20
india australia t20

ബംഗ‌ളൂരു : മുന്നൊരുക്കങ്ങളെല്ലാം ജൂണിലെ ഏകദിന ലോകകപ്പിന് വേണ്ടിയാണെങ്കിലും ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി-20ക്ക് ഇന്ത്യ ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങുന്നത് ഒരു പ്രത്യാക്രമണം ലക്ഷ്യമിട്ടാണ്. വിശാഖപട്ടണത്ത് നടന്ന ആദ്യ ട്വന്റി-20യിലെ അവസാനപന്തിലെ പരാജയത്തിന് പകരം വീട്ടുക. അതിനൊപ്പം പത്തുകൊല്ലത്തിലേറെയായി കാത്തുസൂക്ഷിക്കുന്ന ട്വന്റി-20 പരമ്പരകളിലെ കംഗാരുക്കൾക്കെതിരായ അപരാജിത റെക്കാഡ് കാത്തുസൂക്ഷിക്കുകയും വേണം.

ആസ്ട്രേലിയൻ പര്യടനം നടത്തിയ ഇന്ത്യൻ ടീം ടെസ്റ്റിലും ഏകദിനത്തിലും പരമ്പര നേടിയപ്പോൾ ട്വന്റി-20യിൽ മൂന്ന് മത്സര പരമ്പര 1-1ന് സമനിലയിലാക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിലും ട്വന്റി-20 പരമ്പര നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയാതിരുന്നാൽ ആസ്ട്രേലിയ പരമ്പര സ്വന്തമാക്കും. ഇങ്ങനെയായാൽ ഇന്ത്യയ്ക്ക് ഈ സീസണിലെ ഒരു ട്വന്റി-20 പരമ്പരപോലും സ്വന്തമാക്കാൻ കഴിയാതെ വരും.

വിശാഖപട്ടണത്തെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും ഇന്ത്യ ഇന്ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുക. വിശാഖപട്ടണത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങി മികച്ച സ്കോർ ഉയർത്താനുള്ള സാഹചര്യമുണ്ടായിട്ടും ഇന്ത്യ നേടിയത് 126 റൺസാണ്. ആസ്ട്രേലിയയുടെ ഇന്നിംഗ്സിൽ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയുണ്ടാക്കിയ സമ്മർദ്ദം നിലനിറുത്താൻ കഴിഞ്ഞില്ല. അവസാനഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കളി ഞാണിൻമേൽ എത്തിച്ചെങ്കിലും അവസാന ഓവറിൽ 14 റൺസ് തടുത്തുനിറുത്താനും കഴിഞ്ഞില്ല.

ബാറ്റിംഗിലും ബൗളിംഗിലും ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു വിസാഗിലെ പരാജയം. ശിഖർധവാന് പകരം അവസരം കിട്ടിയ ലോകേഷ് രാഹുൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ടീം ഇന്നിംഗ്സിന് കരുത്തായില്ല. മദ്ധ്യനിരയിൽ മിടുക്കൻമാരെല്ലാം ഒരുമിച്ച് കൂടാരം കയറുകയും ചെയ്തു. ധോണി പഴയ ബാറ്റിംഗ് ഫോമിന്റെ ഏഴയലത്തുപോലും എത്താതെ 37 പന്തുകളെടുത്ത് 29 റൺസിൽ ഒതുങ്ങുകയും ചെയ്തു.

ബൗളിംഗിൽ ബുംറയ്ക്ക് ഒപ്പം നിൽക്കാൻ ഉമേഷിന് കഴിഞ്ഞില്ല. സ്പിന്നർ ചഹലിനും പുതുമുഖം മായാങ്ക് മാർഖണ്ഡെയ്ക്കും ആസ്ട്രേലിയൻ ബാറ്റിംഗിനെ നിയന്ത്രിക്കാനും കഴിഞ്ഞില്ല.

ഈ പിഴവുകൾക്കൊക്കെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും കോച്ച് രവിശാസ്ത്രിയും. ടീമിൽ ഇന്ന് ചില മാറ്റങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകി ശിഖർ ധവാനെ രാഹുലിനൊപ്പം ഓപ്പണറായി ഇറക്കിയേക്കും. ഉമേഷ് യാദവിന് പകരം സിദ്ധാർത്ഥ് കൗളിനെയും ഋഷഭ്പന്തിന് പകരം വിജയ് ശങ്കറിനെയും ഇറക്കി ബൗളിംഗിന് മൂർച്ചകൂട്ടാനും സാധ്യതയുണ്ട്.

മറുവശത്ത് ആദ്യ കളിയിലെ വിജയം ആസ്ട്രേലിയൻ ടീമിന് ആത്മവിശ്വാസമേകുന്നു. ഇന്ത്യൻ മണ്ണിലെ ഓരോ വിജയവും അവർക്ക് ശക്തികൂട്ടും. നായകൻ ആരോൺഫിഞ്ച്, ഗ്ളെൻ മാക്സ്‌വെൽ തുടങ്ങിയവരുടെ ഇന്ത്യൻ പിച്ചുകളിലെ പരിചയവും യുവപേസർമാരുടെ കരുത്തുമാണ് ഓസീസിന്റെ ആയുധങ്ങൾ.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : കെ.എൽ. രാഹുൽ, രോഹിത് ശർമ്മ /ശിഖർധവാൻ, കൊഹ്‌ലി, ഋഷഭ് പന്ത് / വിജയ് ശങ്കർ, ധോണി, ദിനേഷ് കാർത്തിക്, ക്രുനാൽ പാണ്ഡ്യ, ഉമേഷ് യാദവ് /സിദ്ധാർത്ഥ് കൗൾ, മായാങ്ക് മാർഖണ്ഡെ, ജസ്‌പ്രീത് ബുംറ.

ആസ്ട്രേലിയ : സ്റ്റോയ്‌നിസ്, ഷോർട്ട്, ആരോൺ ഫിഞ്ച്, ഗ്ളെൻ മാക്സ്‌വെൽ, ഹാൻഡ്സ്കോംബ്, ടർണർ, കൗട്ടർനിലെ, കമ്മിൻസ്, റിച്ചാർഡ്സൺ, ബ്രെൻഡോർഫ്, ആദം സാംപ.

പിച്ച്

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് പതിവുപോലെ ബാറ്റിംഗിനെ പിന്തുണയ്ക്കുമെന്നാണ് പ്രവചനം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇതുവരെ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ കളിച്ചിട്ടില്ല. ട്വന്റി -20 ലോകകപ്പിൽ ആസ്ട്രേലിയ ഈ വേദിയിൽ വച്ച് ബംഗ്ളാദേശിനെ തോൽപ്പിച്ചിരുന്നു.

2008 ജനുവരിയിലെ ഏക ട്വന്റി-20 യുള്ള പരമ്പരയ്ക്കു ശേഷം ആസ്ട്രേലിയയ്ക്കെതിരായ ഒരു ട്വന്റി-20 പരമ്പരയും ഇന്ത്യ തോറ്റിട്ടില്ല.

ഞങ്ങൾ മികച്ച ഫോമിൽ തന്നെയാണ്. ഇടയ്ക്കിടയ്ക്ക് തോൽക്കുന്നതല്ലാതെ ഞങ്ങൾ തുടർച്ചയായി തോൽക്കാറില്ല. ഇന്ന് ജയിച്ച് പരമ്പര കൈവിടാതിരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്.

-ക്രുനാൽ പാണ്ഡ്യ

ഇന്ത്യൻ ടീമംഗം

ഇന്ത്യൻ പിച്ചുകളിൽ ഐ.പി.എൽ കളിച്ച് ക്യാപ്ടൻ ഫിഞ്ചിനും ഗ്ളെൻ മാക്സ്‌വെല്ലിനുമൊക്കെ നല്ല പരിചയമുണ്ട്. അവർ ഇപ്പോൾ മികച്ച ഫോമിലുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വിജയിക്കാനാകും.

-പീറ്റർ ഹാൻഡ്സ്‌കോംബ്

ആസ്ട്രേലിയൻ ടീമംഗം.

ധോണി ഒരു ചോദ്യചിഹ്നം

വിക്കറ്റ് കീപ്പറായും തന്ത്രജ്ഞനായും ഇപ്പോഴും മാസ്മരിക ഫോമിലും ഫിറ്റ്‌നസിലും തന്നെയാണെങ്കിലും ബാറ്റിംഗിൽ പഴയപോലെ താളവും വേഗവും കണ്ടെത്താൻ ധോണിക്ക് കഴിയാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും പരമ്പരകളിലും ഇതേ പ്രശ്നം കണ്ടതാണ്. വിസാഗിൽ അവസാന അഞ്ചാവറിലെ 22 പന്തുകൾ നേരിട്ടത് ധോണിയാണ്. പക്ഷേ, 26 റൺസേ ഇന്ത്യ നേടിയുള്ളൂ. ഒരുകാലത്ത് വമ്പൻ ഷോട്ടുകൾ കൊണ്ട് ഇന്നിംഗ്സ് ഫിനിഷ് ചെയ്തിരുന്ന ധോണിയുടെ കരിയർ ഫിനിഷായിക്കഴിഞ്ഞോ എന്ന് ആരാധകർ ആശങ്കപ്പെടുന്നു.

ഏകദിന ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ധോണിയുടെ അവസാന അന്താരാഷ്ട്ര ട്വന്റി-20 ഇന്നായിരിക്കും.

ടി.വി. ലൈവ് : രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സിലും ഡിഡി സ്പോർട്സിലും.