ന്യൂഡൽഹി: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീർ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് ഇന്നലെ വൈകിട്ട് ആറരയോടെയാണ് പാകിസ്ഥാൻ മോർട്ടാർ ആക്രമണം നടത്തിയത്. ഗ്രാമീണരെ മറയാക്കിയായിരുന്നു പാകിസ്ഥാൻ ആക്രമണം. 15 സ്ഥലത്തെങ്കിലും പാകിസ്ഥാൻ വെടിനിറുത്തൽ ലംഘിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.
രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂർ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ശക്തമായ വെടിവയ്പ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് വിവരം. ചെറിയ പീരങ്കികളുപയോഗിച്ചും വെടിയുതിർത്തു.
ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ ജവാന്മാർക്ക് നിസ്സാര പരിക്കേറ്രു. ഇതിൽ രണ്ടുപേരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേതുടർന്ന് പാക് പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. അഞ്ച് പാക് സൈനിക പോസ്റ്രുകൾ ഇന്ത്യ തകർത്തിട്ടുണ്ടെന്ന് സൈനിക വക്താവ് ദേവേന്ദർ ആനന്ദ് പറഞ്ഞു.