ന്യൂഡൽഹി: ഇന്ത്യൻ വ്യോമ ആക്രമണങ്ങളെ തടയാൻ ഇന്നലെ ആദ്യം പാകിസ്ഥാൻ ശ്രമിച്ചെങ്കിലും മിറാഷ് 2000 ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേന വ്യൂഹത്തെ കണ്ടതോടെ പിൻവാങ്ങി. അങ്ങേയറ്രത്തെ കൃത്യതയായിരുന്നു ഇന്ത്യൻ ആക്രമണത്തിന്റെ പ്രത്യേകത. ഇസ്രായേലി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച എ.ജി.എം. 142 മിസൈലുകളും മറ്രുമായാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ബറേലി, ഗ്വാളിയർ തുടങ്ങിയ എയർഫോഴ്സ് ക്യാമ്പുകളിൽ നിന്നുള്ള സുഖോയ് 30 എം.കെ.ഐ , ഇല്യൂഷിൻ 78 യുദ്ധ വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു.ആറ് ഏക്കർ വരുന്ന ജാബാ ടോപ്പ് ഭാഗത്തെ ബാലാകോട്ടിലെ ജെയ്ഷെയുടെ ഏറ്രവും വലിയ പരിശീലന ക്യാമ്പാണ് പൂർണമായും ഇന്ത്യ തകർത്തത്. നേരത്തെ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നറിയപ്പെടുന്ന കൈബർ പക്തൂൺ ഖ്വയിലാണ് ബാലാകോട്ട് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ ആക്രമണത്തിൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ട അബൂട്ടാബാദ് ഇവിടെ നിന്ന് 64 കിലോ മീറ്രർ മാത്രം അകലെയാണ്. ബാലാകോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൗലാനാ അസർ യൂസഫ് 1999ൽ കാണ്ഡഹാറിലേക്ക് ഇന്ത്യൻ വിമാനം റാഞ്ചിയതിൽ പ്രമുഖനാണ്.