paddy

വൈക്കം: 'ഒരു മനുഷ്യന് എങ്ങനെ ഇത്ര ക്രൂരനാകാൻ കഴിയും? ഞങ്ങളുടെ വിയർപ്പിന്റെ വിലയാണ് അവർ അപഹരിച്ചത് ..' ഇത് പറയുമ്പോൾ കണ്ണംതറ നന്ദാത്മജന്റെയും മകൻ കെ.എൻ. രാജീവിന്റെയും വാക്കുകൾ ഇടറി. ഈ പിതാവും മകനും പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ മുണ്ടാർ അഞ്ചാം ബ്ലോക്കിലെ പാടശേഖരത്ത് നിന്നാണ് പത്ത് ക്വിന്റലിലധികം നെല്ല് മോഷണം പോയത്.

90 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തെ പത്ത് ഏക്കറിലാണ് രാജീവും 73കാരനായ പിതാവും ചേർന്ന് കൃഷിയിറക്കിയത്. അറുപത് ക്വിന്റലിൽ അധികം നെല്ലാണ് പാടത്ത് കൊയ്തുസൂക്ഷിച്ചത്. പ്രളയത്തിൽ രണ്ടു തവണ വിത നശിച്ച നിലത്തിൽ ഏറെ സാമ്പത്തിക നഷ്ടം സഹിച്ചാണ് ഇരുവരും കൃഷിയിറക്കിയത്. തലയാഴം തോട്ടകത്ത് സമീപ സ്ഥലങ്ങളിലൊക്കെ കൊയ്ത്തു നടക്കുന്നതിനാൽ കർഷകർ നെല്ല് പാടശേഖരത്ത് തന്നെയാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞദിവസവും സ്ഥലത്ത് മോഷണശ്രമം നടന്നിരുന്നു. രണ്ട് ചാക്ക് നെല്ല് പാടശേഖരത്തിന് കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കർഷകരുടെ പരാതിയിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.