കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. സി.പി.എം ശക്തികേന്ദ്രങ്ങളായ ബളാൽ, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിക്കുകയും അതിന് തൊട്ടടുത്തായി കരിങ്കൊടി കെട്ടുകയും ചെയ്തത്. 'ഇടതുമുന്നണിയിൽ ഇരുന്നുകൊണ്ട് കരിങ്കാലിപ്പണി എടുക്കരുത് ചന്ദ്രേട്ടാ, മുന്നണി ബന്ധം നോക്കണ്ടേ" തുടങ്ങിയ വാചകങ്ങളാണ് കറുത്ത മഷി കൊണ്ടെഴുതിയ പോസ്റ്ററുകളിലുള്ളത്.
കൊല്ലപ്പെട്ട കൃപേഷ് , ശരത്‌ലാൽ എന്നിവരുടെ വീടുകളിൽ മന്ത്രി സന്ദർശനം നടത്തിയത് വിവാദമായിരുന്നു. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കൾ മന്ത്രിയെ പിന്തുണച്ചു. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയുടെ സന്ദർശനത്തെ ന്യായീകരിക്കുകയും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് അദ്ദേഹം കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോയതെന്നും പറയുകയുണ്ടായി. എന്നാൽ കാസർകോട് ജില്ലയിലെ സി.പി.എം നേതാക്കൾക്കും അണികൾക്കും മന്ത്രിയുടെ സന്ദർശനം അത്ര പിടിച്ചിരുന്നില്ലെന്നതാണ് പോസ്റ്ററുകളിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ.