കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ മൊഴി ക്രൈംബ്രാഞ്ച് സംഘം പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് പരാതി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ചും നടത്തുന്നതെന്ന ആരോപണവുമാണ് ഉയരുന്നത്. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത്തിന്റെ അച്ഛൻ സത്യനാരായണനും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ ക്രൈംബ്രാഞ്ച് ശരിയായി അന്വേഷിച്ചാൽ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും കൃഷ്ണൻ പ്രതികരിച്ചു.

അതുപോലെതന്നെ കേസിലെ പ്രധാന പ്രതി പീതാംബന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൊഴി എടുക്കാനും പുതിയ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതും സംശയത്തിന് ഇടയായിട്ടുണ്ട്. പീതാംബരന്റെ കൈക്ക് സ്വാധീന കുറവ് ഉണ്ടെന്നും, സ്റ്റീൽ ഇട്ട കൈകൊണ്ട് പീതാംബരന് കൊല നടത്താൻ കഴിയില്ലെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. ബന്ധുക്കളുടെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാണെന്നിരിക്കെ ഇവരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്ന സംശയവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.

കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ വീടുകളിൽ എത്തിയ അന്വേഷണ സംഘം ബന്ധുക്കളിൽ നിന്നും മൊഴികൾ രേഖപ്പെടുത്തി. ഇതാദ്യമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തുന്നത്. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞയുടനെ അന്വേഷണ ഉദ്യോഗസ്ഥർ എത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താറുണ്ടെങ്കിലും കല്യോട്ട് കൊലപാതക കേസുമായി ബന്ധപെട്ടു ഒമ്പത് ദിവസം വരെയും ഒരു അന്വേഷണ ഉദ്യോഗസ്ഥനും എത്തിയില്ലെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും ബന്ധുക്കൾ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് സി.ഐമാരായ അബ്ദുൾ റഹീം, സി.കെ. സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൊലപാതകം നടക്കുന്നതിന് മുമ്പ് കല്ല്യോട്ട് ഉണ്ടായ സംഭവങ്ങളും കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും ബന്ധുക്കൾ കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങിയത്. കല്ല്യോട്ട് പ്രദേശം മുഴുവൻ അരിച്ചു പെറുക്കിയശേഷമാണ് സംഘം മടങ്ങിയത്. ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ കിട്ടുന്നതോടെ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഉദ്ദേശിക്കുന്നത്.