കൊച്ചി : സൗദി അറേബ്യയിലെ മക്കയിൽ ക്ലീനിംഗ് ജോലിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികളായ നിരവധി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിലെ പ്രതി മലയാളികളെയും സമാന രീതിയിൽ കബളിപ്പിച്ചു. തിരുവനന്തപുരം വർക്കല സ്വദേശികളായ ഇരുപത് പേരാണ് തട്ടിപ്പിന് ഇരയായത്. ഇവർ ഇന്ന് പാലാരിവട്ടം പൊലീസിന് പരാതി നൽകും. മലപ്പുറം പുല്ലറ താലൂക്കിൽ വള്ളുവമ്പ്രം വാർപ്പിങ്ങൽ അഹമ്മദ് കോയ (54) ആണ് തട്ടിപ്പ് കേസിൽ ഇന്നലെ പൊലീസ് പിടിയിലായത്.
മക്കയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യാതൊരുവിധ രസീതും നൽകാതെ 7000 രൂപയും പാസ്‌പോർട്ടും വാങ്ങിച്ച് പിന്നീട് വിസ നൽകാതെ കബളിപ്പിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. അഹമ്മദിന്റെ തട്ടിപ്പിൽ നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പരാതിയുമായി കൂടുതൽ മലയാളികളും രംഗത്ത് എത്തിയതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. അതേമയം, ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത 150 പാസ്‌പോർട്ടുകൾ കോടതിക്ക് കൈമാറി. പാസ്‌പോർട്ടുകൾക്ക് പുറമേ തട്ടിപ്പിലൂടെ സമ്പാദിച്ച 3,35,000 രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലുള്ള റിയ എന്ന കൺസൾട്ടൻസി വഴി ലഭിക്കുന്ന ജോലിക്ക് മൂന്ന് മാസത്തേക്കുള്ള സൗജന്യ വിസയും 2000 റിയാൽ മാസ ശമ്പളവും കൂടാതെ സൗജന്യ യൂണിഫോം, താമസം, ചികിത്സ എന്നിവയെല്ലാം കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്. 7000 രൂപ മാത്രം കൊടുത്ത് കിട്ടുന്ന ജോലിയോടൊപ്പം പുണ്യ സ്ഥലമായ മക്ക സന്ദർശിക്കാമെന്നുള്ള ഉദ്യോഗാർത്ഥികളുടെ ആഗ്രഹം മുതലെടുത്താണ് പ്രതി അവരെ ചതിച്ചിരുന്നത്. പ്രതിക്ക് വിദേശത്ത് ആളുകളെ കൊണ്ടുപോകുന്നതിന് നിയമാനുസൃതം വേണ്ട യാതൊരു ലൈസൻസും ഇല്ല. പാലാരിവട്ടം പൈപ്പ്‌ലൈൻ റോഡിൽ താമസിക്കാനെന്ന വ്യാജേന ഫ്ളാറ്റ് തരപ്പെടുത്തി അവിടെ വച്ചാണ് പ്രതി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസുള്ളതായും മറ്റ് കേസുകൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. പാലാരിവട്ടം പൊലീസ് എസ്.ഐ എസ്. സനലാണ് കേസ് അന്വേഷിക്കുന്നത്.